ഐ.എസ്.എൽ മത്സരങ്ങൾ നേരിട്ടു കാണാൻ കോവിഡ് വില്ലനായെങ്കിലെന്താ, കേരള ബ്ലാസ്റ്റേഴ്സിനുള്ള പിന്തുണ താമരശ്ശേരി ചുരവും കുറ്റ്യാടി ചുരവുമൊക്കെ കടന്ന് ഇങ്ങ് വയനാട്ടിലെ ഏറുമാടത്തിൽനിന്നും വരും. ഐ.എസ്.എല്ലിന് പന്തുരുളാനിരിക്കെ വീടിന് സമീപത്തെ തോട്ടത്തിൽ കൂറ്റനൊരു ഏറുമാടമൊരുക്കിയാണ് മാനന്തവാടി നിരവിൽപുഴ കല്ലറമുകളിൽ വിപിൻ മഞ്ഞപ്പട ആരാധകരുടെ ഹൃദയം കീഴടക്കിയത്.
മഞ്ഞയിലും നീലനിറത്തിലുമായുള്ള ഏറുമാടത്തിന് മുന്നിൽ 12ാമെൻറ വീട് എന്ന് ഇംഗ്ലീഷിലെഴുതിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ ജോലി ചെയ്യുന്ന വിപിൻ കഴിഞ്ഞ ഒന്നരവർഷമായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് ഇത്തവണ നാലു ദിവസംകൊണ്ട് യാഥാർഥ്യമാക്കിയത്. മുൻവർഷങ്ങളിൽ വയനാട്ടിലെ മഞ്ഞപ്പട ആരാധകർക്കൊപ്പം കൊച്ചിയിലും മറ്റു സ്ഥലങ്ങളിലും പോയി കേരള ബ്ലാസ്റ്റേഴ്സിെൻറ കളികൾ നേരിട്ട് കണ്ടിരുന്ന വിപിൻ ഇത്തവണ സ്വന്തമായി മഞ്ഞപ്പടക്കായൊരു ഏറുമാടം തന്നെ നിർമിച്ചു.
നേരിട്ട് കളി കാണാനായില്ലെങ്കിലും വീടിന് സമീപത്ത് അരലക്ഷത്തിലധികം രൂപ ചെലവാക്കി നിർമിച്ച ഏറുമാടത്തിൽ ടി.വി ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ആരാധകർ പിന്തുണച്ചാൽ സോളാർ വൈദ്യുതിയും ഡിഷ് ടി.വി കണക്ഷനും എടുക്കാനാകും. ക്രിക്കറ്റിെൻറയും സചിെൻറയും കടുത്ത ആരാധകനായ വിപിനിപ്പോൾ കടുത്ത ഫുട്ബാൾ ആരാധകനാണ്. അതിന് നിമിത്തമായത് സചിനും കേരള ബ്ലാസ്റ്റേഴ്സും.
മികച്ച താരങ്ങളുമായിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്ലേഒാഫിലെത്തുമെന്നും ടീമിനുള്ള പിന്തുണയായാണ് ഏറുമാടം നിർമിച്ചതെന്നും വിപിൻ 'മാധ്യമ'ത്തോട് പറഞ്ഞു. എട്ടുപേർക്ക് ഏറുമാടത്തിലിരുന്ന് കളി കാണാം. മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജിലൂടെ ഏറുമാടത്തിെൻറ ചിത്രങ്ങൾ വൈറലായതോടെ നിരവധിപേരാണ് വിപിനെ അഭിനന്ദനം അറിയിച്ചുകൊണ്ട് വിളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിെൻറ പരിശീലകൻ കിബു വികുനയുടെ ചിത്രവും ഏറുമാടത്തിനുള്ളിൽ കാണാം. സ്പാർക്ക് ആൻഡ് സ്മോക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ഏറുമാടം ഉണ്ടാക്കിയതിെൻറ വിശദമായ വിഡിയോയും വിപിൻ അപ് ലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.