ഹിറ്റ് 96.7 എഫ്.എം പ്രവാസി മലയാളിയുടെ കാതുകളിൽ ആനന്ദം നിറക്കാൻ തുടങ്ങിയിട്ട് രണ്ട് ദശാബ്ദം തികയുന്നു. യു.എ.ഇയിലെ മലയാള ജീവിതത്തിന്റെ നാൾവഴികളിൽ സുവർണരേഖയായി തിളങ്ങിനിൽക്കുന്ന ജൈത്രയാത്രയുടെ പേരാണത്. ഗൃഹാതുരതയാൽ ഹൃദയം വിങ്ങുന്ന പ്രഭാതങ്ങളിൽ, വിഷാദം നിറയുന്ന ഉച്ചവെയിലിൽ, ഓർമകളെ താലോലിക്കുന്ന രാത്രികളിൽ..അങ്ങനെ പ്രവാസിയുടെ ദൈനംദിന സഞ്ചാര പാതകളിൽ ഓരോയിടത്തും ഒരിറ്റ് ആശ്വാസമായി, അതിലുപരി സ്നേഹമായി ആ ശബ്ദമെത്തുന്നു. ബോറടിപ്പിക്കുന്ന ട്രാഫിക്കിനിടയിൽ പൊട്ടിച്ചിരിക്കാനും പാട്ട്കേട്ട് താളംപിടിക്കാനും അത് നിമിത്തമാകുന്നു. അങ്ങകലെ നൊമ്പരക്കടലിൽ മുങ്ങുന്ന സഹജീവിയിലേക്ക് കാരുണ്യപ്പാലം പണിയാൻ അത് പ്രേരിപ്പിക്കുന്നു. ആഘോഷങ്ങളിൽ ചേർന്നുനിൽക്കുന്നു, ദുരിതങ്ങളിൽ കൈപിടിക്കുന്നു..അങ്ങനെയങ്ങനെയത് ഇവിടെയെല്ലാം നിറഞ്ഞുനിൽക്കുന്നു.
2004ലെ ജൂണിലെ ചൂട് കത്തിനിൽക്കുന്ന ഒരു ദിവസത്തിലാണത് പിറവിയെടുക്കുന്നത്. വാർത്തകൾക്കും വിശേഷങ്ങൾക്കും ഏറെയൊന്നും വഴികളന്ന് മലയാളിക്കുണ്ടായിരുന്നില്ല. പൊടുന്നനെയൊരു ശബ്ദം അവരുടെ ജീവിതത്തിന്റെ പൂമുഖത്ത് പുഞ്ചിച്ചുകൊണ്ട് വന്നുനിൽക്കുകയായിരുന്നു. പിന്നയത് അവരുടെ ഹൃദയകോണിലൊരു കസേരയിട്ടിരുന്നു. ഇറങ്ങിപ്പോകാൻ പറയാൻ മലയാളിക്ക് ഇന്നേവരെ തോന്നിയിട്ടില്ല. കാരണം, അന്യരാണെന്ന് അവർക്ക് ഒരിക്കലും അനുഭവപ്പെട്ടില്ല. അത്രക്കായിരുന്നു ആ ചേർത്തു പിടിക്കൽ. മിഥുനും നൈലയും ഫസ്ലുവും മായയും അഫ്റാസും ഷാബുവും നിമ്മിയും ജോണും ഡോണയുമെല്ലാം പ്രവാസിയുടെ വീട്ടുകാരായത് അങ്ങനെയാണ്. ശബ്ദം മാത്രമായി അനുഭവിക്കുന്ന ബന്ധുക്കൾ. സാമൂഹിക മാധ്യമങ്ങൾ തിരമാലകൾ തീർക്കുന്നതിന് മുമ്പ് തന്നെ സൂപ്പർ സ്റ്റാറുകളായ ‘ആർ.ജെ’മാരാണവർ. ഹിറ്റ് എഫ്.എമ്മിന്റെ വളർച്ച മലയാളിക്ക് ആഹ്ലാദം പകരുന്നതാണ്. കാരണം അതൊരു റേഡിയോ സ്റ്റേഷന്റെ വളർച്ചയല്ല, മലയാളത്തിന്റെ തന്നെ വളർച്ചയായിരുന്നു. മരുഭൂമിയിലൂടെ പരന്നൊഴുകിയ മലയാള ശബ്ദം ഉയർത്തിയത് മൊത്തം പ്രവാസിയുടെയും അഭിമാനമാണ്. ദുബൈ സർക്കാറിന്റെ പിന്തുണയോടെയാണ് ഹിറ്റ് എഫ്.എം പിറവിയെടുത്തത്. അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് ശേഷമായി ഒരു റേഡിയോ ചാനലിനായി ദുബൈ അധികൃതർ മലയാളം പരിഗണിച്ചെങ്കിൽ അത് കടൽകടന്ന മുഴുവൻ മലയാളിയുടെയും വിജയമാണ്. 20വർഷമെന്നത് ചെറിയ കാലമല്ല, പല ഋതുക്കൾ കടന്നുപോയി. ഓണവും വിഷുവും ഈദും ക്രിസ്മസും മാറിമാറി വന്നുപോയി. തലമുറകളുടെ മാറ്റങ്ങളുണ്ടായി. സാങ്കേതികവിദ്യ കുത്തനെ വളർന്നു. എന്നിട്ടും ഒരു റേഡിയോ ചാനൽ മെട്രോ നഗരത്തിന്റെ തിരക്കിട്ട ജീവിതത്തിലും ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമെങ്കിൽ അത് സൂപ്പർ ഹിറ്റല്ലെങ്കിൽ പിന്നെന്ത്!!!
20വർഷത്തെ യാത്ര ചെറുതല്ല. 2004ൽ ദുബൈ സർക്കാർ മലയാളികൾക്ക് വേണ്ടി ഒരു റേഡിയോ തുടങ്ങിയത്, അക്കാലത്ത് തന്നെ ജനസംഖ്യയിൽ അത്രയും കേരളീയരുണ്ടായിരുന്നു എന്നതിനാലാണ്. ഈ നാടിനൊപ്പം വലിയ രീതിയിൽ മലയാളിയും വളർന്നുകഴിഞ്ഞു. കേരളീയ ഭക്ഷണം കഴിക്കാൻ രണ്ടോ മൂന്നോ മികച്ച ഹോട്ടലുകൾ മാത്രമുണ്ടായിരുന്ന കാലമാണത്. ഇപ്പോൾ കേരളത്തിലെ 14ജില്ലകളിലെയും ഭക്ഷണം ആസ്വദിക്കാൻ നിരവധി സ്ഥാപനങ്ങളുണ്ട്. ഹിറ്റ് എഫ്.എമ്മും ഗൾഫ് മാധ്യമവും അടക്കമുള്ള മാധ്യമങ്ങൾ വന്നതോടെ പരസ്യങ്ങൾ വരാൻ തുടങ്ങി. അതോടെ വിദൂരങ്ങളിലെ സ്ഥാപനങ്ങൾ പോലും മലയാളികൾ അറിയാൻ തുടങ്ങി. അങ്ങനെ എല്ലാവർക്കും വളരാനുള്ള സാഹചര്യമുണ്ടായി. രണ്ട് നല്ല സിനിമകൾ ചെയ്ത ശേഷം, വെള്ളിത്തിരയിൽ തുടരണമെന്ന പ്ലാനുമായി നടന്ന കാലത്താണ് ഹിറ്റിലേക്ക് ക്ഷണം ലഭിക്കുന്നത്. മലയാള സിനിമാ മേഖലയിൽ ചില പ്രതിസന്ധികളുടെ കാലമായിരുന്നു അത്. ഗൾഫിൽ നിന്ന് ഒരു ഓഫർ ലഭിച്ചപ്പോൾ കുടുംബത്തിന് വലിയ താൽപര്യമായിരുന്നു. അവസാനം ആറുമാസം അടിച്ചുപൊളിക്കാമെന്ന ആഗ്രഹവുമായാണ് ദുബൈക്ക് വിമാനം കയറുന്നത്. ഇന്നിപ്പോൾ രണ്ട് പതിറ്റാണ്ടായ യാത്ര തുടങ്ങുന്നത് അങ്ങനെയാണ്. ഇവിടെ എ.എം റേഡിയോ സ്റ്റേഷനുകൾ അന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ എഫ്.എം തുടങ്ങിയപ്പോൾ ജനങ്ങൾ നൽകിയ പിന്തുണ വലുതാണ്. റേഡിയോയുടെ വൺവേ സംസാരം എന്ന പതിവ് രീതിവിട്ട് എസ്.എം.എസിലൂടെ കേൾവിക്കാർക്കും സംസാരിക്കാനുള്ള അവസരമൊരുക്കി. ഒരിക്കൽ ഒരാൾ വിമാനത്താവളത്തിലേക്ക് ടാക്സി ലഭിക്കാതെ വന്നപ്പോൾ റേഡിയോയിലേക്ക് എസ്.എം.എസ് അയച്ചു. ഏറെ നേരം കാത്തിരുന്നിട്ടും ടാക്സി ലഭിക്കാത്ത ഇയാളുടെ വിഷയം ഓൺ എയറിൽ ഞങ്ങൾ പറഞ്ഞു. കുറച്ചു കഴിഞ്ഞ് അഞ്ചു വാഹനങ്ങൾ അയാളെ സഹായിക്കാൻ എത്തിയതായാണ് അറിഞ്ഞത്. ഇത്തരത്തിൽ ഹോട്ട്ലൈൻ നമ്പറുപോലെ റേഡിയോ മാറിയ കാലമുണ്ടായിരുന്നു. പ്രവാസികൾക്ക് കാര്യങ്ങൾ അറിയാനും അവരുടെ വിഷയങ്ങൾ ഉന്നയിക്കാനും മാധ്യമങ്ങൾ വലിയ രീതിയിൽ സഹായിച്ചു. അത്തരത്തിൽ അവരുമായി വൈകാരികമായ ഒരടുപ്പം സൃഷ്ടിക്കാൻ സാധിച്ചത്.
20 വർഷം മുമ്പ് ഹിറ്റ് എഫ്.എം യാത്ര തുടുങ്ങുമ്പോഴുണ്ടായിരുന്ന ആദ്യ നാലുപേരിൽ ഒരാളാണ്. അന്നുമുതൽ എന്റെ രക്തത്തിൽ ഹിറ്റ് എഫ്.എം ഉണ്ട്. സത്യത്തിൽ അതൊരു വികാരമാണ്. ലോകത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ എഫ്.എം സ്റ്റേഷനായിരുന്നു ഹിറ്റ് എഫ്.എം. അത് അന്ന് പുതിയൊരു പരീക്ഷണമായിരുന്നു. തുടക്കത്തിലെ അതിന്റെ ഭാഗമാവാൻ കഴിഞ്ഞത് വലിയ കാര്യമായി തോന്നുന്നു. ജീവിതത്തിൽ എല്ലാം നൽകിയത് ഹിറ്റ് എഫ്.എം ആണ്. ആളുകൾ തിരിച്ചറിഞ്ഞതും ഇതുവഴിയാണ്. ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണിവിടത്തെ ജോലി. എന്നിലെ യുവത്വം നിലനിൽക്കുന്നത് ഈ ജോലിയിലൂടെയാണ്. കുഞ്ഞുങ്ങൾക്ക് എന്റെ പേരിട്ടതായി ചില രക്ഷിതാക്കൾ പറഞ്ഞിട്ടുണ്ട്. അത് അവർ നമ്മെ അത്രമേൽ ഇഷ്ടപ്പെട്ടതു കൊണ്ടാണ്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. 12000 ആളുകളെ ഒരു മാളിൽ ഒരുമിച്ച് കൊണ്ടുവരാൻ ഹിറ്റ് എഫ്.എമ്മിന് സാധിച്ചിട്ടുണ്ട്. ഒരു റേഡിയോയുടെ ശക്തി പ്രകടിപ്പിച്ച ഇവന്റായിരുന്നു അത്. ദുബൈയിൽ വളരെ ക്വാളിറ്റി ലിസനിങ് ആണ്. നാട്ടിലുള്ളത് പോലെയല്ല. അവർക്ക് റോഡിൽ മറ്റൊന്നിനേയും കുറിച്ച് ശ്രദ്ധ തിരിക്കേണ്ടിവരാറില്ല. അവരാണ് നമ്മുടെ ടാർഗറ്റ്. സിനിമ എന്നെ വളരെ എക്സൈറ്റ് ചെയ്യിക്കുന്ന ഒന്നാണ്. ഒരുപാട് ആളുകൾ നോക്കി നിൽക്കെ അഭിനയിക്കാമെന്നത് വെല്ലുവിളിയാണ്. സിനിമകൾ കൂടുതൽ എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. അപ്പോഴും എന്റെ സുരക്ഷിതയിടം റേഡിയോ തന്നെ ആണ്. അതുകൊണ്ട് തന്നെ ലീവിന് അനുസരിച്ചുള്ള സിനിമ മാത്രമേ ചെയ്യാറുണ്ട്. റേഡിയോ ഇന്നും പാഷനാണ്. സമൂഹ മാധ്യമങ്ങൾ വികസിച്ച കാലത്തും റേഡിയോയുടെ പ്രാധാന്യം നിലനിൽക്കുന്നുണ്ട്. രണ്ടുമായും പരസ്പരം സഹകരിച്ചാണ് നമ്മൾ മുന്നോട്ട് പോകുന്നത്. ഒന്നും മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്.
ഹിറ്റ് എഫ്.എമ്മിലേക്കുള്ള യാത്ര ഓർക്കുമ്പോൾ, രണ്ട് പതിറ്റാണ്ട് മുമ്പ് ദുബൈ വിമാനത്താവളത്തിൽ നിന്ന് ഷെറാട്ടൺ ഹോട്ടലും അന്വേഷിച്ച് ബസിലും കാൽനടയായും അലഞ്ഞ ഓർമയാണ് ആർ.ജെ ഫസലുവിന് പറയാനുള്ളത്. നാട്ടിൽ ന്യൂസ് ചാനലിൽ ജോലി ചെയ്യവെയാണ് ഹിറ്റിലേക്ക് സുഹൃത്തിന്റെ സ്നേഹം നിറച്ച വിളിയെത്തുന്നത്. ഒരു എഫ്.എം റേഡിയോയിൽ ചേർന്നിട്ട് എന്തുചെയ്യാനാണ് എന്ന തോന്നലിൽ ആദ്യമൊക്കെ ഓഫർ നിരസിച്ചു. എന്നാൽ ദുബൈയിലേക്ക് പറക്കാനായിരുന്നു നിമിത്തം. ആ യാത്ര സാഹസികം തന്നെയായിരുന്നു. വിസയും ടിക്കറ്റുമെല്ലാം രണ്ടുദിവസത്തിൽ വന്നു. രണ്ടും കൽപിച്ച് ദുബൈ വിമാനത്താവളം ഒന്നാം പ്ലാറ്റ്ഫോമിൽ വന്നിറങ്ങുന്നത് പോക്കറ്റിൽ സൂക്ഷിച്ച ഒരേയൊരു ഫോൺ നമ്പറിന്റെ ബലത്തിലായിരുന്നു. സ്വീകരിക്കാനുണ്ടാകുമെന്ന് അറിയിച്ചയാളുടേതായിരുന്നു അത്. പക്ഷേ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നമ്പർ കാണാനില്ല. ഓർമയിൽ ആകെയുണ്ടായിരുന്നത് ഷെറാട്ടൻ ഹോട്ടൽ എന്ന പേര്. പിന്നീട് ഒരു അലച്ചിലായിരുന്നു. അവസാനം ലക്ഷ്യ സ്ഥാനത്തെത്തി. ഹിറ്റ് എഫ്.എം ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ ‘മിസിങ്’ ആയ ആളെത്തിരഞ്ഞ് നടക്കുകയായിരുന്ന സംഘാടകർക്കും ശ്വാസം വീണത് അപ്പോഴായിരുന്നു.
രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ഹിറ്റ് എഫ്.എം വഴി നടത്തിയ ഇടപെടലുകളിലും പ്രവാസി സമൂഹത്തിന് ചെയ്യാൻ സാധിച്ച കാര്യങ്ങളിലും കൃതാർഥനാണ്. താനടക്കം ഹിറ്റിലെ ടീമംഗങ്ങളിൽ ആർക്കും റേഡിയോ അനുഭവമില്ലാതിരുന്നതാണ് ഒരേ സമയം പ്ലസും മൈനസുമായത്. വ്യത്യസ്തയുള്ള, കൃത്രിമത്വമില്ലാത്ത റേഡിയോ അവതരണം അത് കാരണമുണ്ടായി. മാത്രമല്ല കേൾവിക്കാർ അവരുടെ കുടുംബാംഗത്തെ പോലെ ഹിറ്റിനെ സ്വീകരിച്ചു. അവർ തെറ്റുകൾ തിരുത്തുകയും കുടെ നിൽക്കുകയും ചെയ്തു.
പത്രപ്രവർത്തനമാണ് പഠിച്ചിരുന്നത്. ആകാശവാണിയിൽ ജോലി ലഭിച്ച സമയത്തായിരുന്നു ഹിറ്റ് എഫ്.എമ്മിലേക്കുള്ള അവസരം വരുന്നത്. യഥാർഥത്തിൽ ജീവിതം തുടങ്ങിയത് ഇവിടെയെത്തിയതിന് ശേഷമാണെന്ന് പറയാം. 20കൊല്ലം കൊണ്ട് ധാരാളം മാറ്റങ്ങളുണ്ടായി. പ്രത്യേകിച്ച് വ്യക്തിപരമായ കാഴ്ചപ്പാടുകളിൽ. പ്രവാസം എന്നെ നല്ല ഒരു മനുഷ്യനാക്കിയെന്ന് പറയാം. അതിന് മുമ്പ് നല്ലതായിരുന്നില്ലേ എന്ന് ചോദിച്ചാൽ, ചിലപ്പോൾ ഇത്രയും നല്ലതായിരിക്കില്ല എന്നതാകും ഉത്തരം. പ്രവാസം ആഗ്രഹിക്കാത്ത ഒരാളായിരുന്നു ഞാൻ. നാട്ടിൽ തന്നെ നിൽക്കണമെന്നായിരുന്നു ആഗ്രഹം. പത്ര പ്രവർത്തനം പഠിക്കുന്നതിന് മുമ്പ് ഇലക്ട്രികൽ എൻജിനീയറിങ് ആയിരുന്നു ചെയ്തത്. അതുവെച്ച് നാട്ടിൽ പോളി ടെക്നിക്കുകാർക്ക് ട്യൂഷനെടുക്കാൻ തുടങ്ങിയിരുന്നു. എന്നാൽ പത്രപ്രവർത്തനം ഒരു പാഷനായിരുന്നു. അതാണ് ഈ ജോലിക്ക് പ്രേരിപ്പിച്ചത്. അഞ്ചുകൊല്ലത്തെ പ്രവാസമാണ് ആഗ്രഹിച്ചിരുന്നത്. ഞങ്ങൾ നടത്തിയിരുന്ന ട്യൂഷൻ സെൻറർ നിൽക്കുന്ന സ്ഥലം വാങ്ങണമെന്നായിരുന്നു സ്വപ്നം. എന്നാൽ പ്രവാസം 20കൊല്ലം പിന്നിട്ടു. അതിന് ഹിറ്റ് എഫ്.എമ്മിലെ സഹപ്രവർത്തകരുമായുള്ള ആത്മബന്ധം വലിയൊരു ഘടകമാണ്. തുടക്കകാലം മുതലുണ്ടായിരുന്ന നല്ല ബന്ധം ഇപ്പോഴും ഓൺ എയറിലും ഓഫ് എയറിലും പോറലേൽക്കാതെ തുടരുന്നു.
ധാരാളം ആളുകൾക്ക് സഹായം ചെയ്യാൻ ഹിറ്റ് എഫ്.എമ്മിലെ പ്രവർത്തനത്തിലൂടെ സാധിച്ചു. ഒരിക്കൽ നാട്ടിലെ ഒരു കൊച്ചുകുട്ടിയുടെ കണ്ണിന്റെ ശാസ്ത്രക്രിയയുടെ കാര്യം പറഞ്ഞ് മിനുറ്റുകൾക്കകം അഞ്ചു ലക്ഷം രൂപ നൽകാൻ തയ്യാറായി ഒരാളെത്തിയത് ഓർക്കുന്നു. കേൾവിക്കാൾ നമ്മെ വിലമതിക്കുന്നു എന്നത് വലിയ കാര്യമാണ്. റേഡിയോ അതിജീവിക്കുന്നത് കേൾവിക്കാർ ഇഷ്ടപ്പെടുന്ന ആർ.ജെയുടെ സംസാരമുള്ളത് കൊണ്ടുകൂടിയാണ്. കേൾവിക്കാരുടെ കരുതൽ വളരെ കൂടുതലാണ്. ഓൺ എയറിൽ ചുമച്ചുപ്രയാസപ്പെട്ട ആർ.ജെക്ക് മരുന്നുമായി കേൾവിക്കാരൻ ഓഫീസിൽ വന്ന സംഭവമുണ്ടായിട്ടുണ്ട്. ആ കരുതലാണ്, പരിഗണനയാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം.
മലയാളത്തിൽ ടെലിവിഷൻ ചാനലുകൾ കൂട്ടപ്പിറവിയെടുത്ത കാലം. മാധ്യമ മേഖല ജീവിതത്തിന്റെ ഭാഗമായതിനാൽ ടി.വി പ്രസന്ററായാണ് കരിയറിന്റെ തുടക്കം. അതിൽ നിന്നാണ് തികച്ചും വിത്യസ്തമായ മറ്റൊരു മേഖലയിലേക്കുള്ള ചുവട് മാറ്റം. രണ്ട് പതിറ്റാണ്ട് മുമ്പ് റേഡിയോ മേഖലയിലേക്കുള്ള കടന്നുവരവ് തികച്ചും അവിചാരിതമായിരുന്നു. റേഡിയോ എന്നത് അതുവരെ പ്ലാനിങ്ങിൽ എവിടെയും ഉണ്ടായിരുന്നില്ല. അത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷകളില്ലാതെയാണ് ഹിറ്റ് എഫ്.എം ടീമിന്റെ ഭാഗമാവുന്നത്. പ്രസന്റർ ആയാണ് തുടക്കം. പിന്നീട് മ്യൂസിക് കം പ്രസന്ററായി പ്രമോഷൻ ലഭിച്ചു. ഒമ്പത് വർഷത്തിന് ശേഷം അസി. പ്രോഗ്രാമിങ് ഹെഡായി. ബിഗ് മോണിങ് ഷോയിലൂടെ ഒരുപാട് മനുഷ്യരെ അടുത്തറിയാനും അവരിൽ ഒരാളായി മാറാനും സാധിച്ചുവെന്നതിൽ ചാരിതാർഥ്യമുണ്ട്. 20 വർഷം പിന്നിടുമ്പോൾ ദുബൈ നഗരത്തിന്റെ ഭാഗമായി ഹിറ്റ് എഫ്.എം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പാട് നല്ല ഓർമകൾ മനസിലൂടെ കടന്നുപോകുന്നുണ്ട്. സന്തോഷവും സങ്കടവും കൂടിക്കലർന്ന നിമിഷങ്ങൾ അതിലുണ്ട്. പല മനുഷ്യരുടെയും സന്തോഷങ്ങളും സങ്കടങ്ങളും നേരിൽ കാണാനും അനുഭവിക്കാനും കഴിഞ്ഞു. അവരിൽ ചിലരുടെ സങ്കടങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു ഭാഗവാനും സാധിച്ചു. പരസ്പരം കാണുന്നില്ലെങ്കിലും ശബ്ദത്തിലൂടെ ശ്രോതാക്കളുമായി നല്ല ഇഴയടുപ്പമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ വന്നതോടെ പ്രിന്റ് മീഡിയ, വിഷ്വൽ മീഡിയ എന്ന വിത്യാസം ഇല്ലാതായിരിക്കുന്നു. സെലിബ്രിറ്റിയെ കാണുന്നത് ആരാധനയോടെയാണെങ്കിൽ നമ്മളെ അവരുടെ കുടുംബാംഗത്തെ പോലെയാണ് കാണുന്നത്. എ.ഐയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നും അപ്ഡേറ്റ് നടത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല.
മലയാളി അല്ലാത്ത ഒരാൾ മലയാളികൾക്കായുള്ള റേഡിയോയിൽ ആർ.ജെ ആയി വരികയെന്ന് പറഞ്ഞാൽ തന്നെ എന്നെ സംബന്ധിച്ച് അതൊരു കൗതുകം നിറഞ്ഞതായിരുന്നു. ഗുജറാത്തിലെ കച്ചിൽ നിന്നാണ് എന്റെ കുടുംബം കേരളത്തിലേക്ക് കുടിയേറിയത്. അതു കൊണ്ടു തന്നെ മലയാളത്തേക്കാൾ കച്ചി ഭാഷയാണ് കൂടുതൽ അറിയുന്നതും. 20 വർഷം മുമ്പ് ഹിറ്റ് എഫ്.എമ്മിന്റെ ഭാഗമാകുമ്പോൾ കുറച്ചു മാത്രം മലയാളം പറയുന്ന ഒരു ഉത്തരേന്ത്യക്കാരൻ എന്ന നിലയിലാണ് എന്നെ പരിചയപ്പെടുത്തിയത്. കൊച്ചിയിൽ വെച്ചായിരുന്നു ഇന്റർവ്യൂ. അന്ന് അർഫാസ് ഭായ് എന്നായിരുന്നു പേര്. ബുർജ് ഖലീഫയും മെട്രോയും ഉൾപ്പെടെ ദുബൈയിലെ ഓരോ മാറ്റങ്ങൾക്കും സാക്ഷിയാകാൻ സാധിച്ചുവെന്നതാണ് ഹിറ്റ് എഫ്.എമ്മിലൂടെ ലഭിച്ച ഏറ്റവും വലിയ അനുഭവം. ബുർജ് ഖലീഫയുടെ ലോഞ്ചിങ് ചടങ്ങ് നടക്കുന്ന ദിവസം തന്നെ അതിന്റെ ഭാഗമാവാനായി. അതുപോലെ മെട്രോയുടെ ആദ്യ യാത്രയിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം സഞ്ചരിക്കാനും മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ലോഞ്ചിങ്ങിൽ ആദ്യം തന്നെ പങ്കെടുക്കാൻ സാധിച്ചു. ഒരർഥത്തിൽ ദുബൈ ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും അതിന്റെ ഭാഗമാവാൻ കഴിഞ്ഞുവെന്നത് വലിയ കാര്യമായി കരുതുന്നു. ജനങ്ങൾക്കിടയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിയത് ഹിറ്റ് എഫ്.എമ്മിലൂടെയാണ്. മീഡിയ എത്രയൊക്കെ വികസിച്ചാലും റേഡിയോക്ക് അതിന്റേതായ സ്പേസ് ഉണ്ട്. റേഡിയോ വളരെ ലൈവാണ്.
റേഡിയോയെ സംബന്ധിച്ച് ഏത് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമും വെല്ലുവിളി തന്നെയാണ്. മാറുന്ന കാലത്ത് അതിനെ ഒരിക്കലും മാറ്റിനിർത്താനാവില്ല. പക്ഷെ, റേഡിയോയെ നമുക്ക് ഒഴിവാക്കാനും കഴിയില്ല. അതിനെ രണ്ടിനെയും ഒരുമിച്ച് കൊണ്ടുപോകുകയെന്നതാണ് പോംവഴി. അത്തരം ആലോചനകളുടെ ഭാഗമായി ഇപ്പോൾ റേഡിയോയിൽ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളെല്ലാം വ്യക്തിപരമായും അല്ലാതെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ അതിവേഗമുള്ള മാറ്റത്തിന്റെ ഭാഗമായി റോഡിയോയുടെ സാധ്യതയും ഭാവിയിൽ കുറയാനുള്ള സാധ്യതയുണ്ട്. അതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളേയും ഒരുമിച്ച് കൊണ്ടുപോകുന്നത്. ടെലിവിഷൻ അവതാരകയായിരുന്ന സമയത്താണ് 18 വർഷം മുമ്പാണ് ഹിറ്റ് എഫ്.എമ്മിന്റെ ഭാഗമാവുന്നത്. തുടക്കത്തിൽ അതൊരു വെല്ലുവിളിയായിരുന്നു. കാരണം സംസാരിക്കുമ്പോൾ എക്സ്പ്രഷൻസ് ഉപയോഗിക്കുന്നയാളാണ് ഞാൻ. പക്ഷെ, ശബ്ദത്തിൽ അത് ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് അത് നേടിയെടുത്തത്. പുതിയ ശബ്ദങ്ങൾ കടന്നുവരുന്നത് വെല്ലുവിളിയാണ്. എഫ്.എം റേഡിയോ ഒരു എന്റർടൈയ്മെന്റ് എന്ന നിലയിൽ സ്രോതാക്കൾക്കിടയിൽ കൂടുതൽ സന്തോഷമുള്ള കാര്യങ്ങൾ നൽകാനാണ് ശ്രമം.
ഹിറ്റ് എഫ്.എമ്മിന്റെ 20 വർഷത്തെ ജീവിതം എന്നതിനേക്കാൾ തന്റെ 20 വർഷത്തെ ജീവിതമാണിത്. ജീവിതത്തിൽ ആദ്യമായി ലഭിച്ച ജോലി. 20 വർഷം മുമ്പ് ആരംഭിച്ച മനോഹരമായ യാത്രയാണ്. അത് തുടർന്നു പോകണമെന്ന് മാത്രമാണ് ആഗ്രഹം. കൊച്ചിയിൽ ബിരുദ പഠനത്തിനിടെയാണ് ഹിറ്റ് എഫ്.എമ്മിന്റെ ഭാഗമാകുന്നത്. പരസ്പരം കാണാൻ സാധിക്കുന്നില്ലെങ്കിലും സ്രോതാക്കളുടെ വിചാര വികാരങ്ങളെ അടുത്തറിയാൻ ആർ.ജെക്ക് കഴിയുന്നിടത്താണ് അയാളുടെയും അയാൾ അവതരിപ്പിക്കുന്ന പരിപാടിയുടെയും വിജയം. ദുബൈ ഉണർന്നെണീക്കുന്ന സമയത്താണ് എന്റെ പ്രോഗ്രാം. മനുഷ്യർ പല വിധ വ്യാകുലതകളുമായി ജോലിക്ക് പോകുന്ന സമയം. പല ചിന്തകളിലായിരിക്കും ആളുകൾ. അവരെ മനോഹരമായി കൈകാര്യം ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. രണ്ട് രീതിയിൽ ആളുകളെ മനസിലാക്കാം. ഒന്ന് അവരെ അറിഞ്ഞുകൊണ്ട് പ്രവർത്തിക്കാം. മറ്റൊന്ന് അവരോട് നേരിട്ട് ചോദിച്ച് മനസിലാക്കാം. ഇതിൽ രണ്ടാമത്തേത് പ്രയാസകരമായ കാര്യമാണ്. സ്രോതാക്കളെ അറിഞ്ഞു കൊണ്ട് സംസാരിക്കുകയെന്നതാണ് അഭികാമ്യം. റേഡിയോയിൽ മനോഹരമായ ശബ്ദം വേണമെന്ന സങ്കൽപങ്ങൾ മാറിയിട്ടുണ്ട്. ഇപ്പോൾ ശബ്ദം ഒരു വിഷയമല്ല. സിനിമ ജീവിതത്തിന്റെ ഭാഗമാണ്. രണ്ട് സിനിമകളാണ് ഇതുവരെ സംവിധാനം ചെയ്യാനായത്. ആർ.ജെ ആയില്ലെങ്കിൽ സിനിമ മേഖലയിൽ സജീവമാകുമായിരുന്നു.
2013ലാണ് ഹിറ്റ് എഫ്.എമ്മിന്റെ ഭാഗമാകുന്നത്. അന്ന് ദുബൈയിൽ ബിരുദ വിദ്യാർഥിയായിരുന്നു. ജോയിൻ ചെയ്യുന്നതിന് മുമ്പ് തന്നെ ഹിറ്റിലെ ടീമംഗങ്ങളുമായി ബന്ധമുണ്ടായിരുന്നു. പഠിച്ചുകൊണ്ടിരിക്കെ വോയ്സ് ഓവർ ചെയ്യാനും മറ്റുമായി ഹിറ്റിൽ വന്നിട്ടുണ്ട്. അതിനിടയിൽ ഒരു ഓപണിങ് വരികയും സെലക്ടഡ് ആവുകയുമായിരുന്നു. ഈ വർഷം ജൂൺ ഒമ്പതിന് ഹിറ്റിലെ യാത്ര 11വർഷമാകും. രാത്രി എട്ടുമുതൽ 11മണി വരെയുള്ള ‘ഹിറ്റ് ഓൺ റിക്വസ്റ്റ്’ ഷോയാണ് ചെയ്യുന്നത്. ആർ.ജെയെന്ന നിലയിൽ നമ്മൾ എപ്പോഴും ജോളിയായിരിക്കണം. കാരണം കേൾക്കുന്നവർ പല മാനസികാവസ്ഥയിലായിരിക്കും. അവർക്ക് സന്തോഷം നൽകാൻ നമുക്ക് കഴിയുമോ എന്നതാണ് പ്രധാനം. രാത്രി എല്ലാവരും കിടന്നുറങ്ങാൻ ഒരുങ്ങുന്ന സമയത്താണ് ഷോ. കേൾവിക്കാരെ ഹാപ്പിയാക്കി ഉറക്കാൻ കഴിയുന്നു എന്നതാണ് സന്തോഷം. ജോലിക്കിടയിൽ ധാരാളം ഹാർട് ടെച്ചിങ്ങായുള്ള കാര്യങ്ങളുണ്ടായിട്ടുണ്ട്. ധാരാളം മലയാളികളെ പരിചയപ്പെടുത്താൻ ഷോയിലൂടെ സാധിച്ചിട്ടുമുണ്ട്. ലോകത്ത് തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാത്ത മലയാളികളെ നമ്മുടെ കമ്മ്യൂണിറ്റിക്ക് പരിചയപ്പെടുത്താൻ സാധിച്ചത് മറക്കാനാവാത്തതാണ്. ഹിറ്റിന്റെ തുടക്കംമുതൽ ഓരോ മാസവും ഓരോ കാമ്പയിനുകളുണ്ടായിരുന്നു. റേറ്റിങിനായി ഒരിക്കലും പ്രത്യേകമായി ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ഹിറ്റ് എപ്പോഴും മുന്നിൽ തന്നെയായിരുന്നു. ദുബൈ ഓഡിയൻസിലും ധാരാളം മാറ്റം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ മനസിലാക്കിയ കാര്യങ്ങൾ ഓഡിയൻസിനും പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഹിറ്റിലെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നു.
തയാറാക്കിയത് - ടി.കെ. മനാഫ്, ടി.എം. സാലിഹ്
ഡിസൈൻ - എ.കെ. ദർവാസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.