അഞ്ച് വര്‍ഷ​ത്തെ ഇടവേളക്കുശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു

അഞ്ച് വര്‍ഷ​ത്തെ ഇടവേളക്കുശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു പറഞ്ഞു. 'കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് തിരിച്ചുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു. അത് അവര്‍ക്കിഷ്ടമായിട്ടുണ്ട്' -ആഷിഖ് പറഞ്ഞു.

മുമ്പ് പല തവണ ഭാവനയോട് സിനിമയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നെങ്കിലും മാനസിക സമ്മര്‍ദ്ദം നടിയെ പിന്നോട്ടുവലിക്കുകയായിരുന്നെന്നും ആഷിഖ് പറഞ്ഞു.

കഥ കേൾക്കുന്നെന്ന് ഭാവനയും

താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവനയും പറഞ്ഞു. പ്രമുഖ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന 'വി ദി വുമണ്‍' എന്ന പരിപാടിയിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. 'ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാല്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ല. പക്ഷെ പിന്നീട് എനിക്ക് നിരവധി പേര്‍ സിനിമയിലേക്ക് വിളിച്ചു.മലയാളത്തില്‍ തിരിച്ചു വരണമെന്ന് പലരും നിര്‍ബന്ധിച്ചു.

പൃഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേര്‍. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവന്ന് ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്' ഭാവന പറഞ്ഞു.

അക്രമിക്കപ്പെട്ടതിന് ശേഷം ഇതുവരെയുള്ള അഞ്ചുവർഷത്തെ യാത്ര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധിയാളുകൾ തനിക്കെതിരെയും പ്രചാരണങ്ങൾ നടത്തി. ജീവിതത്തിൽ സംഭവിച്ച ഒരു വലിയ വീഴ്ചയിൽ നിന്ന് ഉ‍യർന്നുവരാൻ ശ്രമിച്ചപ്പോഴൊക്കെ തളർത്തിക്കളയുന്ന സാഹചര്യമായിരുന്നു അത്. ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ, സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി തുടങ്ങിയവരൊക്കെ തനിക്കുവേണ്ടി നിലകൊണ്ട് ധൈര്യം പകരുന്നവരാണ്.

വളരെയേറെ വിഷമിച്ച ഇത്രയും കാലം വലിയ മാനസിക പ്രയാസങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സിനിമയിൽ അവസരം നിഷേധിക്കപ്പെട്ടപ്പോൾ ആഷിക് അബു, പൃഥ്വിരാജ് തുടങ്ങിയവർ അവസരങ്ങൾ നൽകി. പിന്തുണ നൽകുന്ന പൊതുജനങ്ങളടക്കമുള്ളവരുടെ വാക്കുകൾ തനിക്ക് വിലപ്പെട്ടതാണ്.

2020ൽ കോടതിയിൽ വിചാരണ നേരിട്ട 15 ദിവസങ്ങൾ തനിക്ക് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. 15ാമത്തെ ദിവസം വിചാരണ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ താനൊരു ഇരയല്ല, അതിജീവിതയാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നുവെന്ന് ഭാവന പറഞ്ഞു.

Tags:    
News Summary - Bhavana returns to Malayalam cinema after a gap of five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.