കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. ‘ഹോം’ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ ദുഃഖം പ്രകടിപ്പിച്ച കാര്യം ഓർമിപ്പിച്ചപ്പോൾ ‘സാധാരണ മനുഷ്യനല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമവും’ എന്നായിരുന്നു നടന്റെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.
അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദേശീയ അവാർഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു കരുതിയിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. ദേശീയ തലത്തിലുള്ള പുരസ്കാരം കൂടുതൽ ഉത്തരവാദിത്ത ബോധം ഏൽപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഉത്തരവാദിത്തം നേരത്തെ തന്നെയുണ്ട്’ എന്നായിരുന്നു പ്രതികരണം. ‘ഞാൻ ഇത്രയല്ലേ ഉള്ളൂ, എനിക്ക് പരിമിതിയൊന്നുമില്ല, സെലക്ടീവാകാനൊന്നുമില്ല’ -ഇന്ദ്രൻസ് പറഞ്ഞു.
മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത ‘ഹോം’ ആണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. റോജിൻ തോമസ് ആണ് സംവിധായകൻ.
നവാഗത സംവിധായകനുള്ള അവാർഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആര്‍.എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ് നിർമിച്ചിരിക്കുന്നത്. മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം 'ചവിട്ടി'ന് അരുണ്‍ അശോകിനും സോനു കെ.പിക്കും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.