പുതിയ കഴിവുകൾ നേടിയെടുക്കുന്നതിലുള്ള പരിശ്രമത്തിന് പ്രശസ്തനാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. 60-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ പുതിയ കാര്യങ്ങൾ പഠിക്കുന്നതിലുള്ള താൽപ്പര്യം പങ്കുവെക്കുകയാണ് നടൻ. ഇന്ത്യൻ ക്ലാസിക്കൽ ഗാനാലാപനത്തിലുള്ള തന്‍റെ അഭിനിവേശമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി താൻ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം, പിറന്നാളിന് മുന്നോടിയായി മുംബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ആമിർ വെളിപ്പെടുത്തി. 1995-ൽ പുറത്തിറങ്ങിയ തന്റെ 'അകേലെ ഹം അകേലെ തും' എന്ന ചിത്രത്തിലെ ഏതാനും വരികൾ അദ്ദേഹം ആലപിക്കുകയും ചെയ്തു.
പാട്ടിനോടുള്ള ആഴമായ ഇഷ്ടം പ്രകടിപ്പിച്ച നടൻ തന്റെ ഗുരു സുചേത ഭട്ടാചാര്യയെയും പരിചയപ്പെടുത്തി. പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ ഗായികയും ഇന്ത്യയിലെ പ്രമുഖ ശബ്ദ പരിശീലകരിൽ ഒരാളുമാണ് സുചേത ഭട്ടാചാര്യ. സീ ലിറ്റിൽ ചാംപ്സ്, സ്റ്റാർ വോയ്‌സ് ഓഫ് ഇന്ത്യ, സീ സരേഗമാപ, സുർ ക്ഷേത്ര തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ മികവ് പുലർത്തിയ നിരവധി യുവ പ്രതിഭകളെ അവർ പരിശീലിപ്പിച്ചിട്ടുണ്ട്. മെന്റർ എന്ന നിലയിലുള്ള സുചേതയുടെ പങ്ക് നിരവധി സംഗീതജ്ഞരുടെ കരിയറാണ് രൂപപ്പെടുത്തിയത്.
മേഘാലയ സർക്കാറുമായി സഹകരിച്ച് ഷില്ലോങ്ങിലും ടുറയിലും സെന്റർ ഓഫ് എക്സലൻസ് ഇൻ ഇന്ത്യൻ & വെസ്റ്റേൺ മ്യൂസിക് സുചേത സ്ഥാപിച്ചുകൊണ്ട് വടക്കുകിഴക്കൻ ഇന്ത്യയുടെ സംഗീത ഭൂപ്രകൃതി വികസിപ്പിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നു. മുംബൈയിലെ പ്രശസ്തമായ സരിഗമപധനിസ അക്കാദമിയുടെ സ്ഥാപക ഡീനായും അവർ സേവനമനുഷ്ഠിച്ചു. ഈ അക്കാദമി നിരവധി സംഗീതജ്ഞരെ വളർത്തിയെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത അധ്യാപകരിൽ ഒരാളായി ഗായിക പരക്കെ അംഗീകരിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.