ഇടവേള അവസാനിപ്പിച്ച് സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ ആമിർ ഖാൻ. 2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടതോടെയാണ് നടൻ അഭിനയത്തിന് ഇടവേള നൽകിയത്. എന്നാൽ സിനിമയുടെ പരാജയമല്ല ബ്രേക്കിന് കാരണമെന്നും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണെന്നും ആമിർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സിത്താരെ സമീൻ പര്‍ ആണ് ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷം ഡിസംബറിൽ പുറത്തുവരുമെന്നാണ് വിവരം.
പുതിയ സിനിമ റിലീസിന് തയാറെടുക്കുമ്പോൾ അഭിനയം വിട്ടതിന് ശേഷമുള്ള തന്റെ പദ്ധതികളെക്കുറിച്ച് ആമിർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. തനിക്ക് ഇനി അഭിനയത്തിൽ അധികം കാലങ്ങളില്ലെന്നും അഭിനയം മാത്രമല്ല സിനിമയിൽ ഒരുപാടുകാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആമിർ പറഞ്ഞു. ലാപത ലേഡീസ് അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും ചിത്രത്തിന്റെ സുപ്രീം കേടതിയിലെ പ്രദർശനത്തിന് ശേഷം ആമിർ വ്യക്തമാക്കി.
'കോവിഡ് കാലത്താണ് എന്റെ മനസിൽ ഇങ്ങനെയൊരു ചിന്ത വന്നത്. എനിക്ക് 56 വയസായി,ഇത് എന്റെ കരിയറിന്റെ അവസാനമാണ്. കൂടിപ്പോയാൽ ഇനിയൊരു 15 വർഷം കൂടി അഭിനയിക്കാൻ സാധിക്കുമായിരിക്കും. അതിനാൽ തന്നാൽ കഴിയുന്നത് തിരിച്ച് ചെയ്യണമെന്ന് . സിനിമ വ്യവസായവും സമൂഹവും രാജ്യവും എനിക്ക് പേരും പ്രശസ്തിയും അങ്ങനെ ഒരുപാട് സൗഭാഗ്യങ്ങൾ നൽകി. അഭിനേതാവ് എന്ന നിലയിൽ വർഷത്തിൽ ഒരു സിനിമ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ എനിക്ക് ശക്തമായി തോന്നുന്ന ഒന്നിലധികം കഥകളെ പിന്തുണയ്ക്കാൻ കഴിയും- ആമിർ തുടർന്നു.
നിർമാണത്തിലൂടെ, പുതിയ എഴുത്തുകാർക്കും സംവിധായകർക്കും സിനിമയിലെ മറ്റുമേഖലകളിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതുമുഖങ്ങൾക്ക് അവസരം നൽകാൻ എനിക്ക് കഴിയും. അതിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പായിരുന്നു ലാപത ലേഡീസ്. പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, വർഷത്തിൽ നാലോ അഞ്ചോ ചിത്രങ്ങൾ നിർമിക്കണമെന്നാണ് എന്റെ ആഗ്രഹം.അതുവഴി കൂടുതൽ സിനിമകൾ നമുക്ക് കാണാൻ കഴിയും '-ആമിർ ഖാൻ പറഞ്ഞു.
ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് 2024 മാർച്ച് ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഏപ്രിൽ 26 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്തോടെയാണ് പ്രേക്ഷരുടെ ഇടയിൽ ചർച്ചയായത്. ഭാഷ വ്യത്യാസമില്ലാതെ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.