ലളിത ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. പിതാവ് ഒന്നിനും നിർബന്ധിക്കാറില്ലെന്നും മക്കൾക്ക് തങ്ങളുടെതായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ജുനൈദ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആമിറിന്റെ പാത പിന്തുടർന്ന് അഭിനയത്തിലെത്തിയ ജുനൈദിന്റെ ആദ്യ ചിത്രമായ മഹാരാജ് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
' സ്വകാര്യ ജീവിതം തെരഞ്ഞെടുക്കുന്നതിന് പപ്പ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിൽ അദ്ദേഹം ഇടപെടാറില്ല. ഞങ്ങളെ അഭിനന്ദിക്കാറുണ്ട്. ഒരിക്കലും അത് ചെയ്യൂ ഇത് ചെയ്യൂ... എന്നിങ്ങനെ നിർദേശിക്കാറില്ല. ഞങ്ങളുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാനാണ് അദ്ദേഹം പറയുന്നത്.
പപ്പയുടെ കൈയിൽ എല്ലാത്തിനും പരിഹാരമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സിനിമാ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ്സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗമെന്നാണ് എനിക്കും തോന്നുന്നത്- ജുനൈദ് തുടർന്നു.
അമ്മക്കും ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. എന്നെ വളർത്തിയത് അമ്മയാണ്. പിതാവ് വളരെ സ്നേഹധനനാണ്. പക്ഷേ, അദ്ദേഹം വളരെ തിരക്കിലായിരിക്കും. അതിനാൽ, ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത് അമ്മയാണ്. അമ്മയും അച്ഛനും സഹോദരി ഇറയുമെല്ലാം ഒരു ഫോൺ കോളിന് അകലെയുണ്ട്. എന്ത് ബുദ്ധിമുട്ട് വന്നാലും വിളിക്കാം. എത്ര വലിയ തിരക്കിലാണെങ്കിലും പപ്പ സമയം മാറ്റിവെക്കും. ബന്ധപ്പെടാൻ വളരെ എളുപ്പമാണ്. എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മനസിലാക്കി വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ അവതരിപ്പിക്കും. ഞങ്ങൾക്ക് വേണ്ടി എത്രസമയം ചെലവഴിക്കാനും അദ്ദേഹം തയാറാണ്. എപ്പോഴും കൂടെയുണ്ടാവാറുണ്ട്. പിന്തുണ നൽകി കൂടെ നിൽക്കുന്ന ഒരു കുടുംബമാണ് എന്റേത്. എപ്പോൾ വേണമെങ്കിലും ആരോടും സംസാരിക്കാം'- ജുനൈദ് കൂട്ടിച്ചേർത്തു.
പിതാവ് 1862 കോടി രൂപയുടെ ആസ്തിയുള്ള, ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായിട്ടും സ്വന്തമായി കാർ വാങ്ങാത്തതിനെക്കുറിച്ചും ജുനൈദ് പറഞ്ഞു. 'സ്വന്തം കാറിനെക്കാൾ പൊതുഗതാഗതമാണ് യാത്ര ചെയ്യാൻ സൗകര്യം. ഞാൻ മുംബൈയിൽ റിക്ഷയിൽ സഞ്ചരിക്കാറുണ്ട്. ബസിലും പോകാറുണ്ട്. യാത്ര ചെയ്യാൻ എളുപ്പ മാർഗമാണിത്. പാർക്കിങ്ങിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല'- ജുനൈദ് പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.