നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് അഭിഷേക് ബച്ചൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ' ഐ വാണ്ട് ടു ഡോക്ക്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനായിരുന്നു മറുപടി.
' ദൃഢതയുണ്ടാവണം. ഒരു വ്യക്തിയെന്ന നിലയിൽ നമ്മൾ മാറാൻ പാടില്ല. നമ്മളുടെ അടിസ്ഥാന മൂല്യങ്ങൾ മറക്കരുത്. കാര്യങ്ങളോടെ പൊരുത്തപ്പെടാൻ നിങ്ങൾ പഠിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ പിന്തള്ളപ്പെടും. അതുപോലെ അടിസ്ഥാനമൂല്യങ്ങൾ മറന്ന് ജീവിക്കരുത്. ആളുകൾ അവരുടെ മോശം സ്വഭാവം ഉപേക്ഷിക്കാൻ തയാറാവുന്നില്ലെങ്കിൽ പിന്നെ നല്ല ആളുകൾ അവരുടെ നല്ല സ്വഭാവം കളയുന്നതെന്തിനാണ്.
ഞാൻ എന്ന വ്യക്തിയെ മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ വളരെ പോസിറ്റീവ് വ്യക്തിയാണ്, അതുകൊണ്ട് നെഗറ്റീവുകൾക്ക് ചെവി കൊടുക്കാൻ കഴിയില്ല. നിങ്ങൾ നെഗറ്റീവുകളെ ശ്രദ്ധിച്ചാൽ അവ നിങ്ങളെ കീഴടക്കും.ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനു വേണ്ടിയാണ് നിൽക്കുന്നത്? എന്ന കാര്യം ഓർക്കുക. മേഘം മൂടിയ ആകാശത്തിൽ എവിടെയെങ്കിലും ഒരു സൂര്യന്റെ കിരണം കണ്ടാൽ അതിനെ മുറുക്കെ പിടിക്കുക.അത് നിങ്ങൾക്ക് ജീവിതത്തിൽ തുടരാനുള്ള പ്രചോദനം നൽകും'- അഭിഷേക് ബച്ചൻ പറഞ്ഞു.
ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹ മോചനകഥകൾ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയാകുമ്പോഴാണ് വ്യക്തി ജീവിതത്തെക്കുറിച്ച് താരം മനസ് തുറന്നത്. കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്നത് അസത്യമാണെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു. എന്നാൽ ഐശ്വര്യ റായ് വിവാഹമോചന വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.