ഏറ്റവും കൂടുതൽ വിമർശനവും ട്രോളും കേൾക്കേണ്ടി വന്ന നടനാണ് അഭിഷേക് ബച്ചൻ. കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ വേണ്ടവിധം തിളങ്ങാൻ അഭിഷേക് ബച്ചന് കഴിഞ്ഞില്ല. പിതാവ് അമിതാഭ് ബച്ചന്റെ താരപദവിയും ഭാര്യ ഐശ്വര്യ റായിയുടെ താരമൂല്യവും നടന്റെ സിനിമ കരിയറിനെ ബാധിച്ചു. എന്നാൽ ഒരു ഇടവേളക്ക് ശേഷം മികച്ച കഥകളുമായി അഭിഷേക് ബച്ചൻ തിരികെ എത്തിയിട്ടുണ്ട്. ആർ. ബൽക്കി സംവിധാനം ചെയ്ത 'ഘൂമർ ' ആണ് ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഘൂമർ പ്രദർശനം തുടരുമ്പോൾ തന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനിൽ നിന്നും ജയ ബച്ചനിൽ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ച് പറയുകയാണ് അഭിഷേക് ബച്ചൻ. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സ്ത്രീകളുടെ ഇടയിൽ വളരാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു.
'സ്നേഹം, ബഹുമാനം, വിശ്വാസം എന്നീ മൂല്യങ്ങൾ അമ്മയിൽ നിന്നാണ് പഠിച്ചത്. ഇന്നത്തെ കാലത്ത് വിശ്വസ്തതയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന നേട്ടത്തെ കുറിച്ചാണ് ആളുകളുടെ ഉത്‌കണ്‌ഠ . ആ ബന്ധത്തിൽ നിന്ന് ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിൽ അവർ ആ ബന്ധം ഉപേക്ഷിക്കുന്നു. അതെനിക്ക് ഇഷ്ടമല്ല.
കർത്തവ്യബോധം വളരെ വലുതാണെന്ന് അച്ഛൻ ജീവിതത്തിലൂടെ എനിക്ക് മനസിലാക്കി തന്നു. അച്ചടക്കവും അദ്ദേഹത്തിൽ നിന്നാണ് കിട്ടിയത്. മറ്റുള്ളവരുടെ സമയത്തിന് ഏറെ പ്രധാന്യം നൽകുന്ന ആളാണ് അച്ഛൻ. ഞാൻ കുട്ടിയായിരുന്നപ്പോൾ എന്നോട് പറയുമായിരുന്നു, 'നിങ്ങൾ സമയത്തെ ബഹുമാനിക്കുന്നില്ലെങ്കിൽ, സമയം നിങ്ങളെ ബഹുമാനിക്കില്ലെന്ന്'- അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.