ഹൈദരാബാദ്: തന്റെ വീട്ടിൽ വെച്ച് ടെലിവിഷൻ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് തെലുങ്ക് നടനും മുൻ എം.പിയുമായ മഞ്ചു മോഹൻ ബാബു. മൂന്നുദിവസംമുമ്പ് നടന്ന സംഭവത്തിലാണ് നടൻ മാപ്പു പറഞ്ഞത്. തെലുങ്ക് വാർത്താ ചാനലായ ടിവി 9 ന്യൂസിന്റെ റിപ്പോർട്ടറിൽനിന്ന് മൈക്ക് തട്ടിപ്പറിച്ച സംഭവത്തിലാണ് മോഹൻ ബാബു റിപ്പോർട്ടറോടും ചാനലിനോടും മാപ്പു പറഞ്ഞത്. തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് നടൻ എക്സിലും പോസ്റ്റ് ചെയ്തു. നടനും മകനും സിനിമ താരവുമായ മഞ്ചു മനോജുമായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു.
‘കുടുംബ തർക്കത്തിൽ തുടങ്ങി പിന്നീട് മറ്റൊരു സാഹചര്യത്തിലേക്ക് നീങ്ങിയ സംഭവം ടിവി 9 ന്യൂസിനെ മാത്രം ബാധിക്കുന്നതല്ല. പത്രപ്രവർത്തകർക്കാകെ ദൗർഭാഗ്യകരമാണ്. ഇത് എന്നെ അതിയായി വേദനിപ്പിക്കുന്നു’- എക്സിൽ മോഹൻ ബാബു കുറിച്ചു.
ആശുപത്രിയിലായതിനാലാണ് വിഷയത്തിൽ പ്രതികരിക്കാൻ താമസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 10 ന് തന്റെ വീട്ടിലുണ്ടായ പ്രശ്നം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ ഇടയിൽപെട്ട മാധ്യമ പ്രവർത്തകനായ രഞ്ജിത്തിനാണ് അബദ്ധത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഖേദമുണ്ടെന്നും രഞ്ജിത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ പ്രാർഥിക്കുന്നുവെന്നും നടൻ പറഞ്ഞു. സംഭവത്തിനു പിന്നാലെ രക്ത സമ്മർദം കൂടിയതിനെ തുടർന്ന് മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നടനോടും മക്കളായ മഞ്ചു വിഷ്ണു, മഞ്ചു മനോജ് എന്നിവരോടും വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കമീഷണർ സുധീർ ബാബു രാചകൊണ്ട സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചിരുന്നു. സംഭവത്തിൽ ഡിസംബർ 24 വരെ അറസ്റ്റിൽ നിന്ന് മോചനം തേടി തെലങ്കാന ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് മോഹൻ ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.