പ്രശസ്ത സംവിധായകൻ ഫാസിലിന്റെ ക്ഷമ നശിപ്പിച്ച സംഭവം ഓർത്തെടുത്ത് നടി നയൻതാര. ആദ്യകാല സിനിമകളിലൊന്നായ വിസ്മയത്തുമ്പത്തിന്റെ സെറ്റിലെ ഓർമയാണ് അവർ പങ്കുവെച്ചത്. സിനിമയിലെ നായകനായ മോഹൻലാലും നിർദേശങ്ങൾ തരാൻ ശ്രമിച്ചു. അതൊന്നും മനസിലാകാതെ പൊട്ടിത്തെറിക്കുകയായിരുന്നു.
സാഹചര്യം കൈകാര്യം ചെയ്യാൻ സംവിധായകൻ പാടുപെട്ടെന്നും നയൻതാര പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സിനിമയുടെ തുടക്കകാലത്തെ പക്വതയില്ലായ്മയെ കുറിച്ച് നടി മനസ് തുറന്നത്.
''ഞാൻ ഇപ്പോഴും ഓർക്കുന്നു, ഫാസിൽ സാറിന് എന്നോട് ശരിക്കും ദേഷ്യം തോന്നിയ ഒരു ദിവസം ഉണ്ടായിരുന്നു. 'എനിക്ക് കഴിയില്ല, നിങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല' എന്ന് സാർ പറഞ്ഞു. ‘നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരഭരിതയാകണം’ എന്ന് മോഹൻലാൽ സാറും പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാൻ പറഞ്ഞു, സർ, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.
എന്ത് ഡയലോഗാണ് ഞാൻ പറയുന്നതെന്ന് പോലും എനിക്കറിയില്ല, ഈ വാക്കിൽ കരയാനും, ആ വാക്കിൽ പ്രണയിക്കാനും നിങ്ങൾ പറയുന്നു. എന്തിൽ നിന്നാണ് നിങ്ങൾ എന്നോട് വികാരം പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്നത്? എന്റെ ഉള്ളിൽ ഒന്നുമില്ല. ഭയം മാത്രമാണ്... അത് കേട്ടപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് ഒരു ഇടവേള എടുക്കാൻ പറഞ്ഞു.
കുറച്ചു സമയത്തിനു ശേഷം ഫാസിൽ സാർ അടുത്ത് വന്ന് എന്നിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു. നല്ല പ്രകടനം വേണമെന്നും തനിക്ക് ഒരു പരാജയമാകാൻ കഴിയില്ലെന്നും പറഞ്ഞു. ഇപ്പോൾ ഇടവേളയെടുക്കാം. നാളെ മടങ്ങി വരൂ, എന്നിട്ട് നമുക്ക് തീരുമാനിക്കാമെന്ന് പറഞ്ഞപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി''-നയൻതാര പറഞ്ഞു.
ഫാസിലിനെ പ്രീതിപ്പെടുത്താനുള്ള നയൻതാരയുടെ കഠിനാധ്വാനം ഫലം കണ്ടു. നന്നായി അഭിനയിച്ചതിന് പിന്നാലെ സംവിധായകന്റെ അഭിനന്ദനവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.