1980-90കളിൽ മലയാള സിനിമയിലെ താരമൂല്യമുള്ള നായികയായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സില്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്മാരുടെയും നായികയായി അഭിനയിച്ചു. 1994ല്‍ 'ചകോരം' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും സ്വന്തമാക്കി.
പ്രൊഫഷണൽ ജീവിതം വിജയകരമായിരുന്നെങ്കിലും ശാന്തിയുടെ വ്യക്തിജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തന്‍റെ രണ്ട് വിവാഹങ്ങളെക്കുറിച്ചും അത് കഴിഞ്ഞുള്ള പ്രയാസകരമായ കാലഘട്ടത്തെ കുറിച്ചും ശാന്തി കൃഷ്ണ മനസ് തുറക്കുകയാണ്.
'ജീവിതത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ ഈ ഘട്ടങ്ങളിലെല്ലാം സിനിമയാണ് എനിക്ക് പിന്തുണ നല്‍കിയത്. ശാന്തികൃഷ്ണ പറയുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ഏറെ കാല്‍പനിക ധാരണകളുള്ള പ്രായമായിരുന്നു അത്. എന്റേത് ശരിയായ തിരഞ്ഞെടുപ്പാണോ എന്ന് കുടുംബം വരെ ചോദിച്ചു. ചിലര്‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്നാണ് പാഠങ്ങള്‍ പഠിക്കുക. മറ്റുചിലര്‍ സ്വന്തം അനുഭവങ്ങളിലൂടെയാകും പലതും മനസിലാക്കുക. ഞാന്‍ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു'- ശാന്തി കൃഷ്ണ പറഞ്ഞു.
ഒറ്റക്ക് ജീവിക്കണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, എന്റെ വിവാഹങ്ങള്‍ വിജയിച്ചില്ല. സ്വന്തമായി ചിന്തിക്കാന്‍ പോലും കഴിയാതെ, വെറും ഉത്തരവുകള്‍ മാത്രം പിന്തുടരുന്ന പാവയെപ്പോലെയായി. അതൊരു ബുദ്ധിമുട്ടേറിയ കാലമായിരുന്നു. എനിക്ക് സ്വന്തമായി വരുമാനമുണ്ടായിരുന്നില്ല. പൂര്‍ണമായും മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. എനിക്കെന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു. പക്ഷേ, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തിനാണ് എല്ലാം സഹിച്ചതെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കും. ജോലി ഇല്ലാതിരുന്നപ്പോള്‍ ഏകാന്തത എന്നെ അലട്ടി'- ശാന്തി കൃഷ്ണ പറഞ്ഞു.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ശാന്തി കൃഷ്ണയും നടന്‍ ശ്രീനാഥും1984 ൽ വിവാഹിതരാവുന്നത്. ഇതോടെ ശാന്തി കൃഷ്ണ സിനിമയില്‍നിന്ന് പിൻമാറി. പിന്നീട് 1991ലാണ് ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നത്. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തികൃഷ്ണയും ശ്രീനാഥും വിവാഹമോചിതരായി. പിന്നീട് 1998ല്‍ യു.എസില്‍ വ്യവസായിയായ ബജോരെ സദാശിവനെ ശാന്തി കൃഷ്ണ വിവാഹം കഴിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം 2016ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ശാന്തികൃഷ്ണക്ക് രണ്ടുമക്കളുമുണ്ട്.
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന മലയാള ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ ഗംഭീര തിരിച്ചുവരവ് നടത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത് നിവിന്‍ പോളി, ലാല്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തില്‍ പ്രധാന കഥാപാഥത്തെ അവതരിപ്പിച്ച ശാന്തി കൃഷ്ണ ഏറെ പ്രശംസ നേടി. പിന്നാലെ ചില തമിഴ് ചിത്രങ്ങളിലും അവർ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.