ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് ഇതുവരെ കാണാത്ത ഷാറൂഖ് ഖാന്റെ മാസ് മസാല ചിത്രമെന്നാണ് ജവാനെ കുറിച്ച് ആരാധകർ പറയുന്നത്.
ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഷാറൂഖ് ഖാനേയും ജവാൻ ടീമിനേയും അഭിനന്ദിച്ച് നടി കങ്കണ എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു തന്റെ അഭിപ്രായ പങ്കുവെച്ചത്. ഷാറൂഖ് ഖാനെ ഇന്ത്യൻ സിനിമയുടെ ദൈവമെന്നാണ് കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ നടനെ പരിഹസിച്ചവരേയും വിമർശിച്ചവരേയും കങ്കണ ഓർക്കുന്നു.
'തൊണ്ണൂറുകളിൽ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിർത്തികൊണ്ട് നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയർന്നു. ഇതൊരു ചെറിയ കാര്യമല്ല. യഥാർഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ ഹീറോയാണ്. ഒരു സമയത്ത് ആളുകൾ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമ തെരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടവും പരിശ്രമവും കലാകാരന്മാർക്ക് മാസ്റ്റർ ക്ലാസാണ്. ഷാറൂഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം- കങ്കണ കുറിച്ചു.
കോളിവുഡ് സംവിധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് സിനിമയാണ് ജവാൻ. ഷാറൂഖിനൊപ്പം നയൻതാര, വിജയ് സേതുപതി, യോഗി ബാബു, സന്യ മൽഹോത്ര, പ്രിയാമണി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത് . ചിത്രത്തിൽ ദീപിക പദുകോണും കാമിയോ റോളിൽ എത്തുന്നുണ്ട്. സഞ്ജയ് ദത്തും ചിത്രത്തിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.