ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്ന വിശേഷണം എന്നും അമിതാഭ് ബച്ചന് സ്വന്തമാണ്. ബോളിവുഡിന്‍റെ ഷെഹിൻഷാ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഷെഹിൻഷാ എന്ന പേരിൽ ഒരു സിനിമയിലും ബച്ചൻ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ബച്ചന് പിടിപെട്ട രോഗത്തെക്കുറിച്ചും അദ്ദേഹം അഭിനയിക്കാതെ മടങ്ങിയതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ടിനു ആനന്ദ്.
അമിതാഭ് ബച്ചൻ നായകനായി 1988ൽ ആണ് ഷെഹിൻഷാ പുറത്തിറങ്ങുന്നത്. സിനിമാ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ് അമിതാഭ് ബച്ചൻ അസുഖബാധിതനായെന്നാണ് ടിനു ആനന്ദ് പറയുന്നത്. മയസ്തീനിയ ഗ്രാവിസ് എന്ന അപൂർവ്വ രോഗമാണ് ബച്ചന് പിടിപെട്ടത്. ഇനി ഒരിക്കലും അഭിനയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി ബച്ചൻ തന്നോട് വെളിപ്പെടുത്തിയതായും സംവിധായകൻ പറയുന്നു.
മൈസൂരിലെ സിനിമാ ചിത്രീകരണത്തിനിടെ ബച്ചന് പരിക്കേറ്റതായാണ് വാർത്തകൾ പ്രചരിച്ചിരുന്നു. ‘വാർത്ത അറിഞ്ഞ ഞാൻ മൈസൂരിൽ എത്തി. അദ്ദേഹത്തിന് പരിക്കേറ്റുവെന്നും ചെക്കപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും എന്നോട് അവിടെയുള്ളവർ പറഞ്ഞു. തുടർന്ന് ഞാൻ ബംഗളൂരുവിൽ എത്തി. അമിതാഭിനെ കാണാൻ ഹോട്ടലിൽ എത്തിയപ്പോൾ കാത്തിരിക്കാൻ പറഞ്ഞു. ഒടുവിൽ, ബച്ചൻ എത്തിയപ്പോൾ പറഞ്ഞത് നിങ്ങൾക്ക് ഒരു മോശം വാർത്തയുണ്ട് എന്നാണ്’-ടിനു പറയുന്നു.
‘പേശികളെ ബാധിക്കുന്ന രോഗമായ മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ഉള്ളതിനാൽ ഷെഹിൻഷായുടെ ഷെഡ്യൂൾ റദ്ദാക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തനിക്ക് പരിക്ക് പറ്റിയതെല്ലന്നും ഷൂട്ടിംഗിനിടെ വെള്ളം കുടിക്കുമ്പോൾ അത് തൊണ്ടയിൽ കുടുങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. പേശികളുടയും ഞരമ്പുകളുടേയും സഹകരണം സാധ്യമാകാത്ത രോഗാവസ്ഥയാണ്മയസ്തീനിയ ഗ്രാവിസ്. കൂടുതൽ പരിശോധനയ്ക്കും പൂർണ്ണ വിശ്രമത്തിനുമായി ബോംബെയിലേക്ക് പോകാൻ തന്നോട് ഡോക്ടർമാർ ആവശ്യപ്പെട്ടതായി അദ്ദേഹം വിശദീകരിച്ചു. ഇനിയൊരിക്കലും എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. ഇതുകേട്ട് ഞാൻ തളർന്നുപോയി’-ടിനു പറഞ്ഞു.
തുടർന്ന് സിനിമക്കായി ബച്ചന് പകരക്കാരനെ തിരയാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടക്ക് ബച്ചൻ വിദേശത്തേക്ക് ചികിത്സക്ക് പോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അമിതാഭിന്റെ സഹോദരൻ അജിതാഭ് ബച്ചൻ ടിനുവിനെ കാണാൻ വന്നു. വിദേശത്ത് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാൽ തീർപ്പാക്കാത്ത സിനിമകൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയതായും ശേഷമാണ് കാര്യങ്ങൾ മെച്ചപ്പെട്ടതെന്നും ടിനു പറയുന്നു. മീനാക്ഷി ശേഷാദ്രി ആയിരുന്നു ഷെഹിൻഷായിലെ നായിക. ഷഹെൻഷാ 1988-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.