താരസംഘടനയായ അമ്മയുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. ഫഹദും ഭാര്യയും എറണാകുളത്ത് ഉണ്ടായിട്ടും അമ്മ യോഗത്തില്‍ പങ്കെടുത്തില്ലെന്നും അതിന് കാരണം തനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണെന്നും അനൂപ് ചന്ദ്രന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഫഹദിന്റെ നിലപാടിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും കൂട്ടിച്ചേർത്തു.
'അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്‍റെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനാണ്. ‘അമ്മ’ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍, അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം.
അമ്മയെന്ന സംഘടനക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷാണ്. അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്.
ഇത്രയും ശമ്പളം വാങ്ങുന്ന അമ്മയിലെ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ്. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു'-അനൂപ് ചന്ദ്രൻ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.