'അച്ഛാ... എനിക്ക് അച്ഛനോട് ഇപ്പോഴും സംസാരിക്കണമെന്ന് തോന്നാറുണ്ട്' -ബിനു പപ്പു

എത്ര ആവർത്തിച്ച് കണ്ടാലും നർമം നഷ്ടപ്പെടാത്ത ഒട്ടേറെ ഹാസ്യകഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച പ്രിയ കലാകാരൻ കുതിരവട്ടം പപ്പു വിട പറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം പിന്നിടുകയാണ്. പ്രിയ കലാകാരന്റെ ചരമദിനത്തിൽ അച്ഛനെ കുറിച്ചുള്ള മധുരമുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ ബിനു പപ്പു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''അച്ഛാ... എനിക്ക് അച്ഛനോട് സംസാരിക്കണമെന്നും എന്റെ ദിവസത്തെ കുറിച്ച് പറയണെമെന്നും ഇപ്പോഴും തോന്നാറുണ്ട്. ഓരോ ദിവസവും അച്ഛനെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഒരുപാട് സ്‌നേഹം''. ബിനു പപ്പു ഫേസ്ബുക്കിൽ കുറിച്ചു.

പത്മദളാക്ഷൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. പിന്നീട് അത് പപ്പുവായി. ചെറുപ്പം മുതൽ തന്നെ നാടകങ്ങളിൽ അതീവ തൽപ്പരനായിരുന്നു പപ്പു. ആയിരത്തിലധികം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1963 ൽ പുറത്തിറങ്ങിയ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് പപ്പു സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ ഒട്ടനവധി ചിത്രങ്ങളിൽ പപ്പുവെന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനം പ്രേക്ഷകർ കണ്ടു.


മണിച്ചിത്രത്താഴിലെ കാട്ടുപ്പറമ്പനും, ആറാം തമ്പുരാനിലെ മംഗലുവും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ കോമ കുറുപ്പുമെല്ലാം പപ്പുവിന്റെ കൈകളിൽ ഭദ്രമായിരുന്നു. താമരശ്ശേരി ചുരം ഇത്രയധികം മലയാളികൾക്ക് സുപരിചിതമാകാൻ കാരണം ഒരു പക്ഷേ പപ്പുവായിരിക്കാം. അരങ്ങൊഴിയും വരെ അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 2000 ഫെബ്രുവരി 25 ന് ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുതിരവട്ടം പപ്പു അന്തരിച്ചത്.

Tags:    
News Summary - Binu Pappu with a note on the death anniversary of father Kuthiravattam Pappu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.