ഭർതൃ പിതാവിനെപറ്റി വൈകാരിക കുറിപ്പുമായി ബോളിവുഡ് നടി; സ്നേഹം ചൊരിഞ്ഞ് ആരാധകർ

'ജാനേ തു യാ ജാനേ നാ', 'ഫോഴ്സ്', 'തേരാ നാൽ ലവ് ഹോ ഗയാ' തുടങ്ങിയ ചിത്രങ്ങളിൽ നായികയായിരുന്നു നടി ജെനീലിയ ഡിസൂസ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന നടി മഹാരാഷ്ട്രയിലെ പ്രശസ്തമായൊരു രാഷ്ട്രീയ കുടുംബത്തിലെ മരുമകളാണ്. അന്തരിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വിലാസ് റാവു ദേശ്മുഖിന്റെ മകൻ റിതേഷ് ദേശ്മുഖിനെയാണ് ജനീലിയ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം വിലാസ്റാവു ദേശ്മുഖിന്റെ 10ാം ചരമ വാർഷിക ദിനത്തിൽ ജെനീലിയ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഭർതൃപിതാവിനോടുള്ള സ്​നേഹവും അടുപ്പവും വിവരിക്കുന്ന വൈകാരികമായ കുറിപ്പ് വൈറലായി.

മക്കളായ റയാൻ, റാഹിൽ എന്നിവർ വിലാസ്റാവു ദേശ്മുഖിന്റെ ഫോട്ടോക്കുമുന്നിൽ ചിരിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ജനീലിയ കുറിപ്പിട്ടിരിക്കുന്നത്.

'പ്രിയപ്പെട്ട പപ്പാ, റയാനും റാഹിലും ഇന്ന് എന്നോട് ചോദിച്ചു, നമ്മൾ അപ്പൂപ്പനോട് എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരം പറയുമോ? തീർച്ചയായും ഉത്തരം പറയും എന്നായിരുന്നു എന്റെ മറുപടി. ഈ വർഷങ്ങളിലെല്ലാം ഞാൻ സത്യസന്ധമായി താങ്കളോട് സംസാരിച്ചാണ് ജീവിച്ചത്. എന്റെ ചോദ്യങ്ങൾക്കെല്ലാം താങ്കൾ ഉത്തരങ്ങൾ നൽകി. ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പപ്പ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും നിങ്ങൾ ഉത്തരം നൽകുമെന്ന് എനിക്കറിയാം. നിങ്ങളെ കേൾക്കാൻ ഞങ്ങളുടെ കാതുകളും നിങ്ങളെ കാണാൻ ഞങ്ങളുടെ കണ്ണുകളും നിങ്ങളെ അനുഭവിക്കാൻ ഞങ്ങളുടെ ഹൃദയവും തുറന്നിരിക്കുകയാണെങ്കിൽ, നിങ്ങൾ എപ്പോഴും അവിടെ ഉണ്ടായിരിക്കുമെന്നത് ഞങ്ങളോടുള്ള നിങ്ങളുടെ വാഗ്ദാനമാണെന്ന് എനിക്കറിയാം. വി മിസ് യു പപ്പാ'-ജനീലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


അന്തരിച്ച മുഖ്യമന്ത്രിക്ക് സ്‌നേഹവും ആദരവും അർപ്പിച്ചുകൊണ്ട് താരത്തിന്റെ നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റിട്ടത്. നേരത്തെ, റിതേഷ് ദേശ്മുഖും തന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റിട്ടിരുന്നു. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് 2012 ഓഗസ്റ്റ് 14 ന് വൃക്കകളുടെയും ശ്വാസകോശത്തിന്റെയും തകരാറിനെ തുടർന്നാണ് അന്തരിച്ചത്.

Tags:    
News Summary - Genelia D'Souza Pens Emotional Note for Father-In-Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.