ചെന്നൈ: ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെതിരായ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് സിനിമ താരം സിദ്ധാർഥ്. ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യമോ പ്രതികരണമോ ഒന്നും ആ പരാമർശത്തിന് ന്യായീകരണമായി പറയാൻ കഴിയില്ലെന്ന് സിദ്ധാർഥ് പറഞ്ഞു. കൂടാതെ താൻ ഉദ്ദേശിച്ച അർഥത്തിലല്ല വാക്കുകളെ വ്യാഖ്യാനിച്ചതെന്നും അതിന് മാപ്പ് ചോദിക്കുന്നതായും സിദ്ധാർഥ് കുറിച്ചു.
'പ്രിയപ്പെട്ട സൈന, ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ട്വീറ്റിന് മറുപടിയായി ഞാൻ നൽകിയ ക്രൂരഫലിതത്തിന് മാപ്പ് പറയുന്നു. നിരവധി കാര്യങ്ങളിൽ നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യത്തിനോ പ്രതികരണത്തിനും സ്വരത്തിനോ ഒന്നും ന്യായീകരണമായി പറയാൻ കഴിയില്ല. വിശദീകരിക്കപ്പെടേണ്ടി വരുന്നവ തമാശകൾ അല്ലെന്ന് പറയാറില്ലേ. ആ തമാശ ശരിയായി സ്വീകരിക്കപ്പെടാത്തതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. മറ്റുള്ളവർ പറയുന്നതുപോലെ മോശം അർഥത്തിലല്ല ആ പരമാർശം ഉപയോഗിച്ചത്. ഫെമിനിസ്റ്റ് ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് ഞാൻ. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ അപമാനിക്കാൻ എന്‍റെ ട്വീറ്റിലൂടെ ശ്രമിച്ചിട്ടില്ല. എന്‍റെ മാപ്പ് സ്വീകരിക്കുമെന്നും വിവാദം മറന്ന് നമുക്ക് മുന്നോട്ടുപോകാനാകുമെന്നും പ്രതീക്ഷിക്കുന്നു. സത്യമായും നിങ്ങൾ എന്നുമെന്‍റെ ചാമ്പ്യനാണ്. സത്യസന്ധതയോടെ' -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്ന സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാർഥിന്‍റെ മോശം പരാമർശം. സൈനയുടെ ട്വീറ്റിനെ പരിഹാസ രൂപേണ റീട്വീറ്റ് ചെയ്ത കുറിപ്പിൽ പ്രയോഗിച്ച ലൈംഗിക ചുവയുള്ള വാക്കാണ് സിദ്ധാർഥിന് തലവേദനയായത്.
'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ, രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ അരാജകവാദികൾ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം' -ഇതായിരുന്നു സൈനയുടെ ട്വീറ്റ്.
വിവാദ ട്വറ്റുമായി ബന്ധപ്പെട്ട് സിദ്ധാർഥിനെതിരെ ദേശീയ വനിത കമ്മീഷൻ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ നോട്ടീസ് അയക്കുകയും ചെയ്തു. സൈനക്കെതിരായ ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സിദ്ധാർഥിന്‍റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. സിദ്ധാർഥിന്‍റെ അക്കൗണ്ട് നിലനിർത്തുന്നത് എന്തിനാെണന്ന് രേഖ ശർമ ട്വിറ്ററിനോട് ചോദിച്ചു. കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡി.ജി.പിക്ക് നിർദേശം നൽകുകയും ചെയ്തു.
സിദ്ധാർഥിന്‍റെ പരാമർശത്തിനെതിരെ സൈനയും ഭർത്താവും ബാഡ്മിന്റൺ താരവുമായ പി. കശ്യപും രംഗത്തെത്തിയിരുന്നു. നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പരാമർശം മോശമായിപോയെന്നുമായിരുന്നു സൈനയുടെ പ്രതികരണം. ഇതിനുപിന്നാലെ പ്രതികരണവുമായി സിദ്ധാർഥ് തന്നെ രംഗത്തെത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ് ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാർഥിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.