മുംബൈ: ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായ കരീന കപൂർ-സെയ്ഫ് അലി ഖാൻ എന്നിവരെ ചുറ്റിപ്പറ്റി എന്നും നിറഞ്ഞുനിന്നിരുന്ന ഒന്നാണ് ലവ് ജിഹാദ് ആരോപണം. സംഘപരിവാർ കേന്ദ്രങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ഈ ആരോപണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് പലപ്രാവശ്യം ദമ്പതികൾ വിശദീകരണം നൽകിയിട്ടും ഉണ്ട്.
2008ൽ ‘താഷാൻ’ എന്ന സിനിമയുടെ സെറ്റിലാണ് കരീന-സെയ്ഫ് ദമ്പതികളുടെ പ്രണയം ആരംഭിച്ചത്. 2012 ഒക്ടോബർ 16 ന് ഇരുവരുടേയും ബന്ധം വിവാഹത്തിലെത്തി. തുടക്കം മുതൽ തന്നെ സെയ്ഫ് അലി ഖാൻ മതപരിവർത്തനം എന്ന ആശയത്തിന് എതിരായിരുന്നെന്ന് കരീന പറയുന്നു. മതപരമായ വ്യത്യാസങ്ങളേക്കാൾ സ്നേഹത്തിന്റെ പ്രാധാന്യം അന്ന് സെയ്ഫ് ഊന്നിപ്പറയുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരെ വിവാഹം കഴിക്കാൻ വേണ്ടി മതം മാറാൻ ആരെയും നിർബന്ധിക്കരുതെന്നും സ്പെഷ്യൽ മാരേജ് ആക്ട് ഉപയോഗിക്കണമെന്നും സെയ്ഫ് അന്ന് പറഞ്ഞിരുന്നു.
ഒരു അഭിമുഖത്തിൽ, ‘ലവ് ജിഹാദ്’ ആരോപണങ്ങളിൽ നിന്ന് ഉടലെടുത്ത മതപരിവർത്തന കിംവദന്തികളോട് സെയ്ഫ് പ്രതികരിച്ചിരുന്നു. കരീനയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇന്ത്യൻ സിനിമയ്ക്കും സമൂഹത്തിനും അവർ നൽകിയ സംഭാവനകൾ തിരിച്ചറിയാനാണ് സെയ്ഫ് അന്ന് ആവശ്യപ്പെട്ടത്. കരീന ഇപ്പോഴും ഹിന്ദുവാണെന്നും മതപരിവർത്തനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾക്കും ആരോഗ്യ അവബോധത്തിനും കരീന നൽകിയ മികച്ച സംഭാവനകളെ സെയ്ഫ് അന്ന് പ്രശംസിച്ചു. ‘കരീന മതംമാറിയെന്ന് ആളുകൾ പറയുന്നു. ഈ സംഭാഷണങ്ങൾ തെറ്റാണ്. അത്തരം സ്രോതസ്സുകൾ എവിടെ നിന്നാണെന്ന് അറിയില്ല. സിനിമയ്ക്കും സമൂഹത്തിനും കരീന നൽകിയ സംഭാവനകളിൽ രാജ്യം അഭിമാനിക്കണം. സ്ത്രീകളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനും വേണ്ടി അവൾ പ്രവർത്തിച്ചിട്ടുണ്ട്. ശക്തവും ആധുനികവുമായ ഒരു വ്യക്തിയുടെ പ്രതീകമായി അവരെ ആഘോഷിക്കണം’-സെയ്ഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം സെയ്ഫ് തന്‍റെ 53ാം പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരുടേയും പ്രണയവും വിവാഹവും വീണ്ടും ചർച്ചാവിഷയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.