ദീപാവലി ഓർമ പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ. അമ്മ ശ്രീദേവി വീട്ടിൽ ദീപാവലി പോലുളള ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കാറുണ്ടായിരുന്നെന്ന് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വീട് ഒരുക്കുന്നതും മറ്റ് അലങ്കാര പണികളുമൊക്കെ അമ്മക്ക് വലിയ ഇഷ്ടമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
'പരമ്പരാഗത രീതികൾ പിന്തുടരുന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. ദീപാവലി, ഗണേശ ചതുർഥി പോലുള്ള എല്ലാ ആഘോഷങ്ങളും വീട്ടിൽ ആഘോഷിക്കാറുണ്ട്. വീട് ഒരുക്കുന്നതും മറ്റ് അലങ്കാര പണികളൊക്കെ അമ്മ ( ശ്രീദേവി) ആസ്വദിച്ചിരുന്നു. ദീപാവലിക്ക് ഞങ്ങളുടെ വീട്ടിലും ഓഫീസിലും പ്രത്യേക പൂജ നടത്താറുണ്ട്. അതുപോലെ കർവ ചൗത്തും ഗണേശ ചതുർഥിയും ആഘോഷമാക്കാറുണ്ട്. നമ്മുടെ ഇന്ത്യൻ പൈതൃകവും പാരമ്പര്യവും സംസ്‌കാരവും എല്ലായ്‌പ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ദീപാവലിയുമായി ബന്ധപ്പെട്ട് വളരെ മനോഹരമായ ഓർമയാണുള്ളത്. വീടുമുഴുവൻ വിളക്കുകൾ കൊണ്ട് അലങ്കരിക്കുമായിരുന്നു. അന്നേദിവസം എല്ലാവരും പുതുവസ്ത്രമാണ് ധരിക്കുക. വീട്ടിലും ഓഫീസിലും പ്രത്യേകം പൂജ നടത്തുമായിരുന്നു. കുട്ടിക്കാലത്ത് പിതാവ് ബോണി കപൂറിന്റെ വീട്ടിൽ നിന്നാണ് ദീപാവലി ഡിന്നർ. രുചികരവും സ്പെഷൽ വിഭവങ്ങളുമാണ് അന്ന് ഒരുക്കുന്നത്. പലപ്പോഴും ഡിന്നർ നഷ്ടമാവാറുണ്ട്. പക്ഷേ പൂജ ഒരിക്കലും ഒഴിവാക്കിയിട്ടില്ല'- ജാൻവി കപൂർ പറഞ്ഞു.
ജൂനിയർ എൻ.ടി.ആറിനൊപ്പം 'ദേവര', രാജ്കുമാർ റാവു ചിത്രം 'മിസ്റ്റർ ആൻഡ് മിസിസ് മഹി' എന്നിവയാണ് ഇനി വരാനുള്ള ജാൻവി കപൂറിന്റെ സിനിമകൾ. സ്പോർട്സ് കോമഡി ചിത്രമാണ് 'മിസ്റ്റർ ആൻഡ് മിസിസ് മഹി'. കൂടാതെ, ജാൻവിയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'ദേവര'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.