'നിത്യജീവനുള്ള മഹാജീനിയസ്സ്'; മോഹൻലാലിന് ആശംസയുമായി ഡോ. എം.പി അബ്ദുസമദ് സമദാനി

 മെയ് 21നായിരുന്നു നടൻ മോഹൻലാലിന്റെ 63ാം പിറന്നാൾ. നടന് ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും എത്തിയിരുന്നു. ആശംസകൾ അറിയിച്ച എല്ലാവർക്കും നടൻ നന്ദിയും അറിയിച്ചിരുന്നു.

ഇപ്പോഴിതാ മോഹൻലാലിന് ആശംസ നേർന്നുകൊണ്ടുള്ള ലോക്‌സഭാ എം.പി ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ കുറപ്പ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. സ്‌നേഹനിധിയായ കലാകാരന്‍ എന്നാണ് മോഹൻലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അപ്പുറമാണ് മോഹൻലാലെന്നും അബ്ദുസമദ് സമദാനി കുറിപ്പിൽ പറയുന്നു.

'നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്‌നേഹനിധിയായ കലാകാരന്‍, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താല്‍ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹന്‍ലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോല്‍ ഉയര്‍ന്നുനില്‍ക്കുന്ന ലാലിന്റെ മഹാപ്രതിഭക്ക് സ്‌നേഹാദരത്തിന്റെ അഭിവാദ്യങ്ങള്‍. അദ്ദേഹം ഐശ്വര്യവാനും ദീര്‍ഘായുഷ്മാനുമായിരിക്കട്ടെ.

എനിക്ക് മോഹന്‍ലാല്‍ തന്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരള്‍ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യന്‍. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതല്‍ അഗാധമാക്കുന്ന സ്‌നേഹമാണ് ഞാന്‍ കണ്ട ലാല്‍ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന് സമര്‍പ്പിക്കാനാണ് എനിക്ക് താല്‍പര്യം.

അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ ഞാന്‍ അവരെ കാണാന്‍ പോയതും ഞങ്ങളിരുവരും ചേര്‍ന്ന് അമ്മയെ വിളിച്ചുണര്‍ത്തിയതും,’അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ധന്യമാതാവിന്റെ പ്രിയപൊരുളായ പുത്രന്‍ പറഞ്ഞതും ഓര്‍ക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ് അവകാശപ്പെട്ടിരിക്കുന്നത്. ആയിരം ആദിത്യന്മാര്‍ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിന്റെ ജീവിതാരോഹണങ്ങള്‍'- ഫേസ്ബുക്കിൽ കുറിച്ചു.

Full View


Tags:    
News Summary - Dr. M.P Abdussamad Samadani pens About mohanlal Birthday Wish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.