സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ ഏറെ വേദനിപ്പിക്കുന്നതായി നടി രശ്മിക മന്ദാന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ കുറിച്ച് തെറ്റായി വ്യാഖ്യാനിച്ചെന്നും ഇതു പല ബന്ധങ്ങളും തകർക്കാനിടയാക്കിയെന്നും രശ്മിക കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ചില കാര്യങ്ങൾ തന്നെ അലട്ടുകയാണ്. ഇപ്പോൾ അതിനുള്ള മറുപടി പറയാൻ സമയമായെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
'കരിയർ ആരംഭിച്ച സമയം മുതലെ നിരവധി ട്രോളുകളും എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാനെന്ന് അറിയാം. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന് ഒരു വിലയുണ്ടെന്ന് എനിക്കറിയാം. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ ദിവസവും ചെയ്യുന്ന ജോലികൾ എനിക്ക് മാത്രമേ അറിയൂ. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷമാണ് പരിഗണിക്കുന്നത്. നിങ്ങൾക്കും എനിക്കും അഭിമാനിക്കുന്ന കാര്യങ്ങൾ ചെയ്യനാണ് ഞാൻ പരമാവധി ശ്രമിക്കുന്നത്; രശ്മിക കുറിച്ചു.
ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി ഞാൻ കണ്ടു. സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ സിനിമക്കകത്തും പുറത്തുമുള്ള ബന്ധങ്ങൾക്ക് വളരെ ദോഷം ചെയ്തേക്കാം''- നടി കൂട്ടിച്ചേർത്തു.
ജോലിയുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു. കാരണം അത് എന്നെ മെച്ചപ്പെടുത്താനും വളർത്താനും സഹായിക്കും. എന്നാൽ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വളരെക്കാലമായി അത് അവഗണിക്കാൻ ഞാൻ പറയുന്നുണ്ടെങ്കിലും അത് കൂടുതൽ വഷളാവുകയാണ്. ചുറ്റുമുള്ളവരോടും ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും ആരാധിച്ചിരുന്നവരോടും, സ്നേഹം മാത്രമേയുള്ളൂ." രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
താരത്തിന് പിന്തുണയുമായി ആരാധകരും സുഹൃത്തുക്കളു സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. "നിന്നെപ്പോലെയാകാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് സ്നേഹം. ഒരിക്കലും സാധിക്കാത്തവരിൽ നിന്നാണ് വെറുപ്പ്. നിങ്ങൾ നിങ്ങളായിരിക്കുക! നിങ്ങൾ അതിശയകരമാണ്, "ദുൽഖർ സൽമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.