മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഷാരൂഖും ഭാര്യ ഗൗരി ഖാനും പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മൂന്നിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യനെ ആർതർ റോഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
ആര്യൻ ജയിലിലായതോടെ ഷാരൂഖിന്‍റെ വസതിയായ മന്നത്തിലാകെ മൂകത തളംകെട്ടി നിൽക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നവരാത്രി ആഘോഷങ്ങളടക്കം ഖാൻ കുടുംബം ഒഴിവാക്കിയിരുന്നു.
ഈദിന്‍റെയും ദീപാവലിയുടെ സമയത്ത് ദീപാലംകൃതമാകുന്ന മന്നത്ത് സന്തോഷ വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ്. നവരാത്രി ദിനം മകന്‍റെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. അതോടൊപ്പം ആര്യൻ ജാമ്യത്തിലിറങ്ങുന്നത് വരെ വീട്ടിൽ മധുരം തയാറാക്കരുതെന്ന് ഗൗരി നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ദിവസം ഉച്ചഭക്ഷണത്തിന്‍റെ കൂടെ 'ഖീർ' പാചകം ചെയ്തത് ശ്രദ്ധയിൽപെട്ട വേളയിലാണ് ആര്യൻ പുറത്തിറങ്ങുന്നത് വരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി നിർദേശം നൽകിയത്.
ആര്യന്‍റെ അറസ്റ്റ് ഏറ്റവുമധികം ബാധിച്ചത് മാതാവായ ഗൗരിയെയാണ്. മകനെ പുറത്തിറക്കാൻ അവർ പരമാവധി പരിശ്രമിക്കുന്നുണ്ട്. വിളിക്കുന്നവരോടെല്ലാം മകന് വേണ്ടി പ്രാർഥിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. കടുത്ത വിശ്വാസിയല്ലാഞ്ഞിട്ടും ദിവസവും ഗൗരി പ്രാർഥനയിയിൽ മുഴുകുന്നതായും കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.
അനാവശ്യ വാർത്തകൾ ഒഴിവാക്കാനായി ഇപ്പോൾ മന്നത്ത് സന്ദർശിക്കരുതെന്ന് ഷാരൂഖ് സഹതാരങ്ങളോടും സുഹൃത്തുക്കളോടും അഭ്യർഥിച്ചിരുന്നു. ഒക്ടോബർ ഏഴിനാണ് ആര്യൻ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തൊട്ടടുത്ത ദിവസം തന്നെ ആര്യനെ മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് മാറ്റിയിരുന്നു.
മുംബൈ തീരത്തെത്തിയ കോർഡലിയ ആഡംബര കപ്പലിെല ലഹരിപാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യനെയും സുഹൃത്തുക്കളെയും ഒക്ടോബർ രണ്ടിന് എൻ.സി.ബി കസ്റ്റഡിയിലെടുക്കുന്നത്. മൂന്നിന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മുംബൈ കോടതി ആര്യനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഒക്ടോബർ 20വരെ ആര്യൻ ജയിലിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.