വാഷിങ്ടൺ: ഓസ്കാർ പുരസ്കാരദാന വേദിയിൽ നടൻ വിൽ സ്മിത്ത് തന്റെ മകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിൽ പ്രതികരണവുമായി റോസ് റോക്ക്. 'വിൽ സ്മിത്ത് ക്രിസിനെ തല്ലിയപ്പോൾ, അവൻ അടിച്ചത് ഞങ്ങളെ എല്ലാവരെയുമാണ്. പക്ഷേ അവൻ എന്നെ ശരിക്കും അടിച്ചു. നിങ്ങൾ എന്റെ കുട്ടിയെ വേദനിപ്പിക്കുമ്പോൾ എന്നെയുമാണ് വേദനിപ്പിക്കുന്നത്' -റോസ് പറഞ്ഞു. വിവാദമുണ്ടായി ഒരുമാസത്തിന് ശേഷമാണ് എഴുത്തുകാരിയും മോട്ടിവേഷനൽ സ്പീക്കറുമായ റോസ് പ്രതികരണവുമായി രംഗത്തെത്തിയത്.
'അവൻ ഒരിക്കലും മാപ്പ് പറയാത്തതിൽ എനിക്ക് വളരെ വിഷമം തോന്നുന്നു. അവന്റെ ആളുകൾ ഒരു കുറിപ്പ് എഴുതി. എന്നാൽ ഇത് തികച്ചും വ്യക്തിപരമായ ഒന്നാണ്'-റോസ് കൂട്ടിച്ചേർത്തു.
വിൽ സ്മിത്തുമായി കണ്ടുമുട്ടുന്ന വേളയിൽ ഇനി താൻ എന്താണ് പറയാൻ പോകുന്നതെന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് റോസ് പറഞ്ഞു. ''നിങ്ങൾ എന്താണ് ചിന്തിച്ചിരുന്നത്?' ഇതല്ലാതെ എന്ത് പറയുമെന്ന് എനിക്കറിയില്ല. കാരണം നിങ്ങൾ അടിക്കുകയാണ് ചെയ്തത്. പലതും സംഭവിക്കാമായിരുന്നു. ക്രിസ് പിറകിലോട്ട് മറിഞ്ഞ് വീഴാമായിരുന്നു. നിങ്ങളുടെ കൈകളിൽ വിലങ്ങ് വീഴുമായിരുന്നു. നിങ്ങൾ ചിന്തിച്ചില്ല. നിങ്ങളുടെ ഭാര്യ നോക്കിയതോടെ നിങ്ങൾ പോയി പ്രതികരിച്ചു'-റോസ് പറഞ്ഞു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹോളിവുഡ് ഫിലിം അക്കാദമിയുടെ പരിപാടികളിൽ നിന്ന് വിൽ സ്മിത്തിനെ 10 വർഷത്തേക്ക് വിലക്കിയിരുന്നു. അവതാരകനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ വില്‍ സ്മിത്ത് ക്ഷമ പറഞ്ഞിരുന്നു. ക്രിസ് റോക്കിനോട് പരസ്യമായി മാപ്പു പറയുന്നതായി വില്‍ സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചതാണ്. തന്‍റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതും പൊറുക്കാനാവാത്തതുമാണെന്ന് സ്മിത്ത് എഴുതി.
മാർച്ച് 27ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഓസ്കർ പുരസ്കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. രോഗിയായ തന്റെ പങ്കാളി ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ്സിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് വിൽ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.