മുംബൈ: ആഡംബരക്കപ്പൽ ലഹരിക്കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ നടൻ ഷാരൂഖ് ഖാനെ പരോക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്. മയക്കുമരുന്ന് കേസിൽ മകൻ അറസ്റ്റിലായ വേളയിൽ നടൻ ജാക്കി ചാൻ മാപ്പ് പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം.
ജാക്കി ചാനും മകനുമെത്തുള്ള ചിത്രത്തിനൊപ്പം മകൻ 2014ൽ അറസ്റ്റിലാകുന്ന ചിത്രവും അടങ്ങുന്നതായിരുന്നു പോസ്റ്റ്. 'മകന്‍റെ പ്രവർത്തിയിൽ ലജ്ജിതനാണ്. ഇതെന്‍റെ തോൽവിയാണ്. അവനെ സംരക്ഷിക്കാൻ ഞാൻ ഒരിടപെടലും നടത്തില്ല'-എന്ന ജാക്കി ചാന്‍റെ വാക്കുകൾ പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ജാക്കി ചാന്‍റെ മകൻ ആറുമാസം ജയിലിൽ കിടന്നതായും അദ്ദേഹം മാപ്പുപറഞ്ഞതും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
ആര്യൻ ഖാന്‍റെ അറസ്റ്റിൽ ഷാരൂഖ് മാപ്പുപറഞ്ഞില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു കങ്കണ. ചുമ്മ പറയുന്നു എന്നർഥം വരുന്ന 'ജസ്റ്റ് സയിങ്' ഹാഷ് ടാഗ് വെച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്.
നേരത്തെ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങളെയും കങ്കണ രുക്ഷമായി വിമർശിച്ചിരുന്നു. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടന്‍ ഋത്വിക് റോഷന്‍ രംഗത്ത് വന്നതിന്‍റെ തൊട്ടു പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം.
"എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. ഓരോരുത്തരുടേയും കർമങ്ങൾ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ."
"ദുര്‍ബലനായ ഒരാളെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ആര്യൻ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കുറ്റവാളികൽ പിന്തുണക്കുന്നു" എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും അതിനെ സ്വീകരിക്കണമെന്നും പറഞ്ഞായിരുന്നു ഋത്വിക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആര്യന് കത്ത് എഴുതിയത്. ഋത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്.
കോടതി ജാമ്യം നിഷേധിച്ചതോടെ ആർതർ റോഡ് ജയിലിൽ കഴിയുകയാണ് ആര്യൻ. ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട് ആര്യനെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.