‘ശുദ്ധനായ കൂട്ടുകാരൻ പോയി’; മാമുക്കോയയുടെ വിയോഗത്തിൽ ജനാർദനൻ

‘‘എടാ ഉവ്വേ... നിന്‍റെ അഭിനയമെന്ന് പറയുന്നത് പ്രത്യേക സ്റ്റൈലാണ്. ലോകത്തൊരു മനുഷ്യനും കഴിയാത്ത മാമുക്കോയ സ്റ്റൈൽ...’’ ഇങ്ങനെ ഞാൻ മാമുക്കോയയോട് എപ്പോഴും പറയുമായിരുന്നു. പ്രത്യേകമായ അഭിനയചാതുരികൊണ്ട് വിസ്മയിപ്പിച്ചു മാമുക്കോയ. ശുദ്ധനായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടതിലുള്ള ദുഃഖമാണെനിക്ക്. ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് കോഴിക്കോട്ടുവെച്ചാണ്. അങ്ങനെ ഒരുപാട് സുഹൃത്തുക്കളുള്ള സ്ഥലമായി കോഴിക്കോട് മാറി.

അക്കാലത്ത് അഭിനയിക്കാനെത്തുന്ന ഞങ്ങളുടെയൊക്കെ താവളം മഹാറാണി ഹോട്ടലായിരുന്നു. അവിടെവെച്ചാണ് മാമുക്കോയയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. തുടർന്ന് അത് സാഹോദരബന്ധമായി വളർന്നു. പിന്നെ ഞങ്ങൾ മഹാറാണിയിലെത്തുമ്പോൾ മാമുക്കോയ അവിടെ വരും, ആ സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

എന്നിട്ട് ഞങ്ങളെയൊക്കെ അദ്ദേഹത്തിന്‍റെ വീട്ടിൽ കൊണ്ടുപോയി രുചികരമായ ആഹാരങ്ങൾ നൽകും. കുശുമ്പില്ലാത്ത, മറ്റുള്ളവർ നന്നാകുന്നതിൽ ഏറെ സന്തോഷിക്കുന്ന, എല്ലാവരോടും സ്നേഹമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ഇതേ അഭിപ്രായമാകും പറയാനുണ്ടാവുക.

കുതിരവട്ടം പപ്പു, ആലുമ്മൂടൻ, മാള അരവിന്ദൻ തുടങ്ങിയവരൊക്കെ കത്തിജ്വലിച്ചുനിന്ന കാലത്താണ് മാമുക്കോയ ചാടിക്കയറിവന്ന് ഹാസ്യലോകം കീഴടക്കിയത്. കഴിഞ്ഞ വർഷം ഒരു സർജറി നടന്ന ശേഷം എന്‍റെ വീട്ടിൽ വന്നിരുന്നു. അന്നും സ്വതസിദ്ധമായ ശൈലിയിൽ പിന്നിൽ കൈകെട്ടിനിന്ന് കുറേ സംസാരിച്ചു. പിന്നെയും ഇടക്ക് കാണുകയും വിളിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Janardhanan shares memory about late actor mamukkoya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.