സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ട്രെയിലർ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിൽ വൻ പ്രതീക്ഷയാണ് നൽകുന്നത്. ഉഗ്രൻ ആക്ഷൻ രംഗങ്ങളും മാസ് സംഭാഷണങ്ങളുംകൊണ്ട് സമ്പന്നമാണ് ട്രെയിലർ. കൂടാതെ ഷാറൂഖ് ഖാന്റെ ഗെറ്റപ്പുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
'ജവാൻ' വാർത്തകളിൽ നിറയുമ്പോൾ ട്രെയിലറിലെ ഒരു സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. 'മകനെ തൊടുന്നതിന് മുമ്പ് അച്ഛനോട് സംസാരിക്കൂ' ഇങ്ങനെയൊരു സംഭാഷണം ട്രെയിലറിലുണ്ട്. നിർമാണം ഗൗരി ഖാനെന്ന് എഴുതി കാണിക്കുമ്പോഴാണ് ഷാറൂഖിന്റെ ശബ്ദത്തിൽ ഈ ശബ്ദം കേൾക്കുന്നത്. ഇത് എൻ.സി.ബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുമായി ബന്ധിപ്പിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്.
ഇത് സമീർ വാങ്കഡെക്കുളള ഷാറൂഖിന്റെ സന്ദേശമാണെന്നാണ് ആരാധകർ പറയുന്നത്. ട്വിറ്ററിൽ ജവാന്റെ ട്രെയിലറിനൊപ്പം ഈ സംഭാഷണവും ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ജവാൻ, ഷാറൂഖ് ഖാൻ, എസ്ആർകെ തുടങ്ങിയ ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
ആറ്റ്ലി ഒരുക്കുന്ന ചിത്രം ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻതാര നായികയാകുന്ന ജവാനിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം. സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങൾ ഇതിനോടകം ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.