തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിര്തനം ചിത്രമാണ് പൊന്നിയൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലായ പൊന്നിയൻ സെൽവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്.
ഐശ്വര്യ റായി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. നടൻ ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഴ്വാർക്കടിയൻ നമ്പി നമ്പി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജയറാമിന്റെ ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന് വേണ്ടി ശരീരഭാരം വർധിപ്പിച്ചിരുന്നു. മെലിഞ്ഞിട്ടുള്ള മേക്കോവർ വലിയ ചർച്ചയായിരുന്ന സമയത്തായണ് പൊന്നിയൻ സെൽവത്തിന് വേണ്ടി ശരീരഭാരം കൂട്ടിയത്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവെക്കുകയാണ് ജയറാം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. ഒന്നര വർഷത്തോളം സംവിധായകൻ മണിരത്നം തന്റെ മുഖത്ത് നോക്കിയിട്ടില്ലെന്ന് ജയറാം പറയുന്നു
ജയറാമിന്റെ വാക്കുകൾ ഇങ്ങനെ...
നൂറ് ശതമാനം സൂഷ്മതയോടെയാണ് മണിരത്നം സാർ കാര്യങ്ങൾ ചെയ്യുന്നത്. ഫലം കാണുന്നത് വരെ അതിൽ തന്നെയായിരിക്കും. ചിത്രത്തിനായി എന്നെ സമീപിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് വയർ ആണ്. ആ സമയത്ത് ഞാൻ മെലിഞ്ഞിരിക്കുകയായിരുന്നു. ജയറാം ഷൂട്ടിങ് തുടങ്ങാൻ ഇനിയും നാല് മാസമുണ്ട്. അതിനു മുൻപ് ശരിയാക്കണമെന്ന് മണിരത്നം സാർ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വയർ കൂട്ടിയത്. ഒന്നര വർഷത്തോളമുണ്ടായിരുന്നു ഷൂട്ടിങ്. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല. പകരം എന്നും രാവിലെ എന്റെ വയറിന് വ്യത്യാസമുണ്ടോ എന്ന് വന്നു നോക്കുമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് ശരിക്കും നോക്കിയത്.
സിനിമയുടെ ചിത്രീകരണത്തിന് ശേഷവും കാർത്തിയും ജയംരവിയുമെല്ലാം വ്യായാമം ചെയ്യുമായിരുന്നു. 12, 13 മണിക്കൂർ ചിത്രീകരണത്തിന് ശേഷവും ഇവർക്ക് വ്യായാമം ചെയ്യണമായിരുന്നു. എന്നാൽ എനിക്ക് മാത്രം അദ്ദേഹം ഭക്ഷണം നൽകി. കാരണം എനിക്ക് വയർ വേണം അവർക്ക് വയർ വേണ്ട-ജയറാം കൂട്ടിച്ചേർത്തു.
2022 സെപ്റ്റംബർ 30നാണ് പൊന്നിയൻ സെൽവത്തിന്റെ ആദ്യഭാഗം എത്തുന്നത്. ഐശ്വര്യാ റായ് ബച്ചനോടൊപ്പം വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.