ഇന്ത്യയിൽ ഒട്ടും വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ടെന്ന പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പ്രമുഖ ബോളിവുഡ് നടി കജോൾ. ഇന്ത്യയിൽ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്നും അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും നടി പറഞ്ഞിരുന്നു.
‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കൾക്കും ഇല്ലാത്തതും അതാണ്’ -നടി പറഞ്ഞു. ‘ദി ട്രയൽ’ എന്ന തന്റെ പുതിയ ഷോയുമായി ബന്ധപ്പെട്ട് ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കജോൾ. എന്നാൽ, നടിയുടെ പരാമർശത്തിന് പിന്നാലെ, ഒരു വിഭാഗമാളുകൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
വാക്കുകൾ വിവാദമായതോടെ, നടി വിശദീരണവുമായി ട്വിറ്ററിലെത്തുകയും ചെയ്തു. ‘‘വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു പോയന്റ് പറയുക മാത്രമായിരുന്നു ഞാൻ. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ നമുക്കുണ്ട്’’. - കജോൾ കുറിച്ചു.
എന്നാൽ, നടിയുടെ വിശദീകരണത്തെ പരിഹസിച്ചുകൊണ്ട് നിരവധിയാളുകളാണ് കമന്റ് ചെയ്തത്. ‘‘എന്തിനാണ്, ഇക്കാര്യത്തിനൊക്കെ വിശദീകരണം നൽകുന്നതെന്നും ഏത് പാർട്ടിയുടെ ആൾക്കാരാണ് വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞതിന് നിങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും ? ഒരാൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.