ബോളിവുഡ് ആരാധകരുടെ പ്രിയ നായികയാണ് കജോൾ. ഏറെ നാളുകൾക്കുശേഷം രേവതിയുടെ സംവിധാനത്തിൽ കേന്ദ്ര കഥാപാത്രമായി സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണിവർ. 'ദി ലാസ്റ്റ് ഹുറാ' എന്നാണ് ചിത്രത്തിന്റെ പേര്. രേവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിതെന്നും അതുകൊണ്ടുതന്നെയാണ് താൻ ഇത്രയും വേഗം ചിത്രത്തിന് സമ്മതിച്ചതെന്നും കജോള്‍ ട്വീറ്റ് ചെയ്‍തിരുന്നു.
യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് 'ദി ലാസ്റ്റ് ഹുറാ' ഒരുക്കുന്നത്. 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിതപ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കജോള്‍ ഇതില്‍ വേഷമിടുന്നത്.
കജോളും കിങ് ഖാനും
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളാണ് ഷാരൂഖ് ഖാനും കജോളും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ, ബാസിഗർ തുടങ്ങിയ സിനിമകളൊക്കെ ബോക്സോഫിൽ വൻ വിജയം നേടിയവയാണ്. ഏതാനും ദിവസം മുമ്പായിരുന്നു ഷാരൂഖിന്റെ 56-ാം ജന്മദിനം. ഇന്ത്യൻ സിനിമയിൽനിന്ന് ധാരാളം താരങ്ങൾ ഷാരൂഖിന് ജന്മദിനാശംസകൾ നേർന്നിരുന്നു. കത്രീന കൈഫ്, അനുഷ്‌ക ശർമ്മ, കരീന കപൂർ ഖാൻ, ആലിയ ഭട്ട് തുടങ്ങി നിരവധിപേർ കിങ് ഖാന് ആശംസയുമായെത്തി.എന്നാൽ ഷാരൂഖിന്റെ ഹിറ്റ് നായിക കജോൾ ആശംസകൾ നേർന്നിരുന്നില്ല.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ പലരും ഇക്കാര്യം ചോദിച്ചു. 'മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്'-ചോദ്യത്തിന് മറുപടിയായി കജോളിന്റെ മറുപടി ഇതായിരുന്നു.
മുംബൈയിൽ വച്ച് ക്രൂയിസ് കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. 22 ദിവസത്തെ ജയിൽ വാസത്തിനുശേഷം ബോംബൈ ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് ആര്യന് ജാമ്യം അനുവദിച്ചത്.
വർഷങ്ങൾക്കുശേഷം ഷാരൂഖും കജോളും ഒന്നിച്ചെത്തിയ സിനിമയാണ് ദിൽവാലെ. ഷാരൂഖിന്റെ ഓം ശാന്തി ഓം, സീറോ തുടങ്ങിയ ചിത്രങ്ങളിൽ കാജോൾ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.