പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രൊജക്ട് കെ'. വൈജയന്തി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ കമൽ ഹാസനും ഭാഗമാകും. നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് പ്രൊജക്ട് കെ യിൽ കമൽ ഹാസൻ അവതരിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
'50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്‌ടറുമായിരുന്ന കാലത്താണ് അശ്വിനി ദത്ത് എന്ന പേര് നിർമാണ മേഖലയിൽ കേൾക്കുന്നത്. 50 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും ഒന്നിക്കുകയാണ്. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകനോടൊപ്പം. എന്റെ സഹതാരങ്ങളായ പ്രഭാസും ദീപികയും ആ തലമുറയിൽപ്പെട്ടവരാണ്.
അമിതാഭ് ജിക്കൊപ്പം ഞാൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യ ചിത്രം പോലെയാണ് തോന്നുന്നത്. 'പ്രൊജക്‌ട് കെ'ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്നെ ഏത് സ്ഥാനത്ത് കണ്ടാലും പ്രധാനാമായി ഞാനൊരു സിനിമാപ്രേമിയാണ്. ഏതൊരു പുതിയ ശ്രമത്തെയും ഞാൻ അഭിനന്ദിക്കും. 'പ്രൊജക്‌റ്റ് കെ'ക്കുളള ആദ്യത്തെ കൈയടി എന്റേതായിരിക്കട്ടെ'- കമൽ ഹാസൻ കൂട്ടിച്ചേർത്തു.
കമൽ ഹാസന്റെ കൂടെ ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നെന്ന് നിർമാതാവ് അശ്വനി ദത്ത് പറഞ്ഞു. ''പ്രോജക്ട് കെ' യിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. കമൽ ഹസൻ, അമിതാഭ് ബച്ചൻ എന്നീ 2 ലെജൻഡറി അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുക എന്നത് ഏതൊരു നിർമാതാവിന്റേയും സ്വപ്നമാണ്. ആ സ്വപ്നമാണ് ഞാൻ എന്റെ കരിയറിലെ അമ്പതാം വർഷം സാക്ഷാത്കരിക്കുന്നത്'.
സംവിധായകൻ നാഗ് അശ്വിനും അദ്ദേഹത്തിന്റെ സന്തോഷം പങ്കുവെച്ചു. 'ഇത്രയധികം ഐതിഹാസിക കഥാപാത്രങ്ങൾ ചെയ്‌ത കമൽ ഹസൻ സാറിനോടൊപ്പം പുതിയ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത് വലിയ അംഗീകാരമാണ്. ഞങ്ങളെല്ലാവരും അദ്ദേഹം ചിത്രത്തിലേക്ക് വന്നതിൽ ഒത്തിരി സന്തോഷത്തിലാണ്'.
വേൾഡ് - ക്ലാസ് പ്രൊഡക്ഷൻ രീതിയിൽ ഒരുക്കുന്ന ചിത്രം സംക്രാന്തി റിലീസായി 2024 ജനുവരി 12 നാണ് തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.