കളക്ഷൻ 300 കോടി കടന്നു; 'വിക്രം' നേടിത്തന്ന കോടികൾ എന്ത് ചെയ്യും...? കമലിന് പറയാനുള്ളത് ഇതാണ്

മൂന്നാം ആഴ്ചയിലും ഇന്ത്യൻ ബോക്സോഫീസ് അടക്കിഭരിച്ച് മുന്നേറുകയാണ് ഉലകനായകൻ ചിത്രം. കോവിഡിന് ശേഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് വിക്രം വാരിക്കൂട്ടുന്നത്.

കേരളത്തിൽ നിന്ന് ഇതുവരെ 35 കോടിയോളം നേടിയ ചിത്രം, നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റായി മാറി. വിജയ് ചിത്രങ്ങളെ ബഹദൂരം പിന്നിലാക്കിയാണ് കമൽ ചിത്രം ഗംഭീര വിജയം നേടിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഇൻഡസ്ട്രി ഹിറ്റടിച്ച മൂന്ന് കോളിവുഡ് ചിത്രങ്ങൾ കമൽഹാസന്റെ പേരിലായി. 1989ൽ അപൂർവ സഹോദരർഗൾ, 1996ൽ ഇന്ത്യൻ, ഇപ്പോൾ വിക്രമുമാണ് വലിയ വിജയം നേടിയത്.

തമിഴ് നാട്ടിൽ 150 കോടിയിലേക്കാണ് കുതിക്കുന്നത്. ബാഹുബലിയുടെ കളക്ഷൻ ഭേദിക്കാൻ ഇനി ദിവസങ്ങൾ മാത്രം മതി. രജനിയുടെ 2.0 എന്ന ചിത്രത്തെ തകർത്തുകൊണ്ട് ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ വിക്രമാണ് നമ്പർ വൺ തമിഴ് ചിത്രം. യു.കെ അടക്കമുള്ള ചില വിശേദ രാജ്യങ്ങളിലെയും നമ്പർ വൺ തമിഴ് ചിത്രമായി വിക്രം മാറിയിട്ടുണ്ട്.

ബോക്സോഫീസിൽ നിന്ന് 300 കോടിയിലധികം നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രം കൂടിയായി വിക്രം. ഇതിന് മുമ്പ് 2.0, കബാലി എന്നീ രജനി ചിത്രങ്ങളാണ് ആഗോള കളക്ഷൻ 300 കോടി കടന്നത്. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് വിക്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമ വന്‍ ഹിറ്റായതോടെ സംവിധായകന്‍, സഹ സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറാണ് കമല്‍ഹാസന്‍ സമ്മാനിച്ചത്. സൂര്യക്ക് ലക്ഷങ്ങൾ വില വരുന്ന റോളക്സ് വാച്ചും നൽകിയിരുന്നു.

അതിനിടെ, വിക്രം നേടിയ കോടികൾ ഉപയോഗിച്ച് എന്ത് ചെയ്യും എന്ന മാധ്യമ പ്രവർത്തകരിൽ നിന്നുള്ള ചോദ്യത്തിന് കമൽ ഉത്തരം നൽകി. വിക്രം നേടിത്തന്ന പണം കൊണ്ട് തന്റെ ലോണുകളെല്ലാം അടച്ചുവീട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

"എന്റെ എല്ലാ കടങ്ങളും ഞാൻ തിരിച്ചടയ്ക്കും, എനിക്ക് തൃപ്‌തിയാകുന്നത് വരെ ഞാൻ ഭക്ഷണം കഴിക്കും, എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എനിക്ക് കഴിയുന്നതെല്ലാം ഞാൻ നൽകും. അതിന് ശേഷം ബാക്കിയൊന്നുമില്ലെങ്കിൽ എന്റെ കൈയ്യിൽ ഒന്നുമില്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നതായി എനിക്ക് അഭിനയിക്കേണ്ടതില്ല. എനിക്ക് വലിയ പദവികളൊന്നും വേണ്ട. ഒരു നല്ല മനുഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു. " - കഴിഞ്ഞ ദിവസം ഒരു രക്തദാന ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്.

ആവശ്യക്കാർക്ക് വേഗത്തിൽ രക്തം ദാനംചെയ്യാനാകുന്ന കമൽസ് ബ്ലഡ് കമ്യൂൺ എന്ന സംരംഭത്തിനാണ് അദ്ദേഹം തുടക്കമിട്ടത്. ചെന്നൈ ആൽവാർപ്പേട്ടിലെ മക്കൾ നീതി മയ്യം ഓഫിസിൽ നടന്ന ചടങ്ങ് കമൽ ഉദ്ഘാടനം നിർവഹിച്ചു. ചൊവ്വാഴ്ചത്തെ ലോക രക്തദാനദിനാചരണത്തിന്‌ മുന്നോടിയായാണ് സംരംഭം.

Tags:    
News Summary - Kamal Haasan on His Film Vikram’s Box Office Success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.