ക്രിക്കറ്റ് താരങ്ങളെ തന്റെ ഷോയായ 'കോഫി വിത്ത് കരണിലേക്ക്' ക്ഷണിക്കാൻ ഭയമാണെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. സീസൺ എട്ടിന്റെ ആദ്യ എപ്പിസോഡിന് ശേഷം ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കോഫി വിത്ത് കരൺ ഷോയിൽ ക്രിക്കറ്റ് താരങ്ങൾ എത്തുമോ എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി.
' കെ.എൽ രാഹുലിനും ഹാർദിക് പാണ്ഡ്യക്കും നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് ശേഷം ക്രിക്കറ്റ് താരങ്ങളെ അതിഥിയായി ക്ഷണിക്കാൻ എനിക്ക് പേടിയാണ്. ഇനി അവർ വരുമോ എന്നുപോലും അറിയില്ല. എന്നാൽ അവർ ഷോയിൽ എത്തുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ് '-കരൺ തുടർന്നു
'നമ്മുടെ രാജ്യത്തിന്റെ ഐക്കണും വിശിഷ്ട വ്യക്തിത്വങ്ങളുമാണ് അവർ. ഞാൻ അവരെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ചാറ്റ് ഷോക്ക് ശേഷം ഹാർദിക്കിനും രാഹുലും സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായ കമന്റുകൾ കേൾക്കേണ്ടി വന്നു. അവർ അന്ന് അനുഭവിക്കേണ്ടിവന്നതിന്റെ ഉത്തരവാദിത്തം എനിക്കാണ്'- കരൺ കൂട്ടിച്ചേർത്തു.
നിരവധി സ്‌ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നാണ് ഹാർദിക് ഷോയിൽ പറഞ്ഞത്. കൗമാര കാലത്ത് തന്‍റെ പോക്കറ്റില്‍ നിന്ന് പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് ഷോയില്‍ കെ എല്‍ രാഹുല്‍ പറഞ്ഞത്.
പാണ്ഡ്യയും രാഹുലും പങ്കെടുത്ത ചാറ്റ് ഷോ വിവാദമായതിനെ തുടര്‍ന്ന് ഹോട്ട്‌സ്റ്റാര്‍ പിന്‍വലിച്ചിരുന്നു. വിവാദങ്ങളില്‍ ഇരുവരും മാപ്പ് പറഞ്ഞെങ്കിലും അച്ചടക്ക നടപടിയുമായി ബിസിസിഐ മുന്നോട്ടുപോയി. കോഫി വിത്ത് കരണ്‍ തന്‍റെ ഷോയാണെന്നും ഉത്തരവാദിത്വം തനിക്കാണെന്നും സമ്മതിച്ച് കരണ്‍ ജോഹര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, കോഫി വിത്ത് കരണിന്റെ എട്ടാം സീസണിന്റെ ആദ്യ എപ്പിസോഡിൽ ദീപിക പദുകോണും രൺവീർ സിങ്ങുമായിരുന്നു അതിഥിയായി എത്തിയത്. താരങ്ങളുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിഷാദരോഗത്തോടുള്ള പോരാട്ടങ്ങളെക്കുറിച്ചുമായിരുന്നു പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.