ഏലാക്കാറ്റ് സമൃദ്ധമായി വിശിത്തണുപ്പിക്കുന്ന വയലോര വരമ്പത്തെ തെങ്ങുകളിൽ ഒന്നിൽ അച്ഛന്റെ ഷേവിങ് കണ്ണാടി വാഴവള്ളി കൊണ്ട് കെട്ടിയുറപ്പിക്കും. പിന്നെ പൊലീസും കള്ളനും അധ്യാപകനും വില്ലനും കച്ചവടക്കാരനും ഭ്രാന്തനുമെല്ലാമായി സ്വയം മാറും, നിറഞ്ഞാടും. 'മുന്നിലിരിക്കുന്ന കാണി'കളുടെ കയ്യടി നേടും. അഭിനയ പരിശീലനത്തിന് മറ്റ് മാർഗങ്ങളൊന്നും കുഞ്ഞു ബാലനുണ്ടായിരുന്നില്ല. മതിവരുവോളം അഭിനയിക്കും. കാണികൾ തിങ്ങിനിറഞ്ഞ ഹാളിൽ വലിയ സ്റ്റേജിന് നടുവിൽ നിൽക്കുന്ന ഭാവത്തിലായിരുന്നു പ്രകടനങ്ങളെല്ലാം. ആ വഴി കാൽനടയായി പോയവർ പലതും പറഞ്ഞുകാണും. പക്ഷേ അതൊന്നും കാര്യമാക്കിയില്ല. വഴിപോക്കരുടെ വാക്ക് കേട്ട് കർട്ടനും കണ്ണാടിയുമഴിച്ചെങ്കിൽ നാടക-സിനിമ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ പി.ബാലചന്ദ്രനെന്ന പ്രതിഭ പിറവികൊള്ളുമായിരുന്നില്ല.
പഠിച്ചതിനും എഴുതിയതിനുമൊന്നും മാർക്ക് കിട്ടാത്ത നാളുകളിൽ ചൂരൽക്കഷായത്തിൽ നിന്ന് രക്ഷതേടി സാറൻമാരുടെ നാടകത്തിൽ പെൺവേഷം കെട്ടിത്തുടങ്ങിയതായിരുന്നു പി.ബാലചന്ദ്രന്റെ അരങ്ങുജീവിതം. പിന്നെ വിടാതെ പിന്തുടരുന്ന വികാരമായി. അരങ്ങിലെ വെളിച്ചം പോലെ മനസ്സിൽ നിറഞ്ഞുപടർന്ന സ്വപ്നമായി. സ്കൂളിലെ നാടകത്തിന് സമ്മാനവിതരണത്തിനെത്തിയപ്പോഴാണ് ജി.ശങ്കരപ്പിള്ളയെ ആദ്യമായി കാണുന്നതെന്ന് ബാലചന്ദ്രൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ശങ്കരപ്പിള്ള പിന്നീട് വഴികാട്ടിയായി.1967ലെ ഓണക്കാലം, ശാസതാംകോട്ടയിൽ നാടകക്കളരി നടക്കാറുണ്ട്. പത്ത് ദിവസമായിരുന്നു ക്യാമ്പ്. ചേനയും ചേമ്പും കാച്ചിലുമെല്ലാം പ്രാദേശികമായി ശേഖരിച്ച് നാടിന്റെ ജനകീയോത്സവമായാണ് അന്നത്തെ നാടകക്ക്യാമ്പുകൾ.
15 വയസുകാരന് വീട്ടിൽ നിന്ന് വിലക്കുണ്ട്. രാത്രിയായതാണ് കാരണം. ഒരു ദിവസം ക്യാമ്പിൽ പെങ്കടുക്കാനെത്തിയെങ്കിലും അച്ഛൻ വന്ന് കൂട്ടിക്കൊണ്ട് വന്നു. പിന്നെ ക്യാമ്പിലേക്കുള്ള രാത്രിയാത്രക്ക് അനുവാദം കിട്ടിയതുമില്ല. പക്ഷേ ഡേ സ്കോളറായി പെങ്കടുക്കാൻ ജി.ശങ്കരപ്പിള്ള അനുവദിച്ചേതാടെയാണ് നാടകമധുരത്തിലേക്ക് ചുവടുറപ്പിച്ചത്.
ശാസ്താംകോട്ട ഡി.ബി കോളജിൽ ചേരുമ്പോൾ ജി.ശങ്കരപ്പിള്ളയുമായി കൂടുതൽ അടുത്തു. കോളജിലെ നാടകങ്ങളിലും സ്ത്രീ വേഷമായിരുന്നു ബാലനെ കാത്തിരുന്നത്. അതിൽ നിന്ന് കുതറി മാറാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ബാലചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ '' പൊതുവേദിയിൽ എല്ലാവരും കാൺകെ നിവർന്ന് നിന്ന് സിഗററ്റ് വലിക്കണം..'' അങ്ങനെയാണ് നാടകമെഴുത്തിലേക്കെത്തുന്നത്. സ്വന്തം സ്വഭാവ സവിശേഷതകളുള്ള കഥാപാത്ര സൃഷ്ടിച്ച് പുരുഷനായി അഭിനയിക്കാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. ഡി.ബി കോളജിൽ നിന്ന് എം.എ കഴിഞ്ഞ്, കൊല്ലത്ത് കർമ്മല റാണി ട്രെയിനിങ് കോളജിൽ ചേർന്നു. ഈ സമയം ജി.ശങ്കരപ്പിള്ള സംഗീതനാടക അക്കാദമയിലാണ്. സ്കൂൾ ഓഫ് ഡ്രാമയെ കുറിച്ചുള്ള ആലോചന നടക്കുന്ന സമയമാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാനുള്ള താത്പര്യം ജി.ശങ്കരപ്പിള്ളയെ അറിയിച്ചെങ്കിലും 'എം.എയും ബി.എഡും കഴിഞ്ഞതല്ലേ, മറ്റ് വല്ല ജോലിയും നോക്കാനാ' യിരുന്നു മറുപടി. എങ്കിലും അതിയായ ആഗ്രഹം ബാലചന്ദ്രനെ സ്കൂൾ ഓഫ് ഡ്രാമയിലെത്തിച്ചു.
അവിടെച്ചെല്ലുമ്പോൾ പ്രായക്കൂടുതലിൽ മുമ്പനായിരുന്നു. സാധാരണ പ്രീഡിഗ്രി കഴിഞ്ഞുവരുന്നവരാണ് സ്കൂൾ ഓഫ് ഡ്രാമയിലെത്തിയിരുന്നു. അവിടെയെല്ലാവരുടെയും ബാലേട്ടനാവുകയായിരുന്നു ബാലചന്ദ്രൻ.
സ്കൂൾ ഓഫ് ഡ്രാമ കാലത്താണ് 'മകുടി' എന്ന നാടകമെഴുതുന്നത്. നാടകത്തിന് നല്ല ജനശ്രദ്ധ കിട്ടി .'ബാലൻ നെയ്തുരുത്ത്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ കാലമായിരുന്നു അന്ന്. ഡി.ടി.പിയില്ലാത്ത അക്കാലത്ത് നോട്ടീസിലൊക്കെ പേര് അടിച്ചുവരുന്നത് വലിയ കാര്യമായിന്നുവെന്ന് പല അഭിമുഖങ്ങളിലും പിന്നീട് ബാലചന്ദ്രൻ പറഞ്ഞിട്ടുണ്ട്. 'കല്യാണസൗഗന്ധികം, ചത്തവനും കൊന്നവരും ഭാര്യാസമേതം, മാറാമറയാട്ടം, നേരേമ്പാക്ക്, മധ്യവേനൽ പ്രണയരാവിൽ'...തുടങ്ങി നിരവധി നാടകങ്ങൾ പിന്നീട് പിറന്നു.
ആദ്യത്തെ സിനിമാനുഭാവം നല്ല തൊലിപെട്ടിയ അടിയുടേതായിരുന്നു. രാവിലെ വീട്ടിൽ നിന്ന് പഞ്ചസാര വാങ്ങാൻ വിട്ടതാണ്. പൊട്ടിയ നിക്കറുമിട്ട് വണ്ടിയോടിച്ച് കടയിലേക്ക് പോകും വഴിയാണ് സത്യനും ശാരദയുമൊക്കെ അഭിനയിച്ച ഇണപ്രാവുകളുടെ ഷൂട്ടിങ് നടക്കുന്നതറിഞ്ഞത്. പഞ്ചസാര വാങ്ങൽ പാതിവഴിയിൽ ഉപേക്ഷിച്ച് ലൊക്കേഷനിലേക്ക് ബാലനും വണ്ടിവിട്ടു. ബ്ലാക്ക് ആൻറ് വൈറ്റാണ് അന്ന്. ക്യാമറയും ലൈറ്റും റിഫ്ലക്ടറുകളും...അദ്ഭുതങ്ങളുടെ ലോകം, പുതിയ അനുഭവം... സമയമോർക്കാതെ വീടും പഞ്ചാസാരയുമെല്ലാം മറന്ന് മുഴുകി നിന്ന് പോയി. ഇരുട്ട് പടർന്നതോടെയാണ് വീട്ടിലേക്ക് പോകണമെന്ന ബോധം വന്നത്. ഓടിപ്പിടച്ചെത്തിയപ്പോേഴക്കും വടിയുമായി കാത്ത് നിൽക്കുന്ന അമ്മ. പിന്നെയൊന്നും ഓർമ്മയില്ല. ആകെ മനസ്സിലുള്ളത് അടിയുടെ നീറ്റൽ മാത്രം. തൊലിപ്പുറത്തേറ്റ അടിയിൽ നിന്നും മനസ്സിലേക്കെറ്റുവാങ്ങിയ കയ്യടികളിലേക്ക് ഒരുപാട് കാലദൂരമുണ്ടായിരുന്നുവെങ്കിലും മലയാളിയുടെ മനം നിറച്ചാണ് ബാലചന്ദ്രൻ വിടവാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.