'മഹാവീര്യർ കണ്ടു'; എബ്രിഡ് ഷൈനും നിവിൻ പോളിക്കും അഭിനന്ദനം അറിയിച്ച് മധുപാൽ

ആസിഫ് അലി, നിവിൻ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ജൂലൈ 22 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുളള യാത്ര എന്നാണ് ചിത്രത്തെ കുറിച്ച് പറയുന്നത്.

ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ മാഹാവീര്യരേയും ടീമിനേയും അഭിനന്ദിച്ച് നടനും സംവിധായകനുമായ മധുപാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ തുടങ്ങി ഏതൊരു കാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മഹാവീര്യറും ഉണ്ടാകുമെന്ന് നടൻ കുറിച്ചു.

'മഹാവീര്യർ കണ്ടു. മലയാളം സിനിമകളിൽ നാളേയ്ക്കായും നിർമിച്ച ചിത്രം. മനുഷ്യനുണ്ടായ കാലം മുതൽ നിലനിൽക്കുന്ന സ്വാർത്ഥതയും അത്യാഗ്രഹങ്ങളും അധികാരഗർവും ഇനിയുള്ള നാളിലും തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ചിത്രം. കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥളുടെ ശ്രേണിയിലാണ് മഹാവീര്യർ.

പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെയ്ന്റ തുടങ്ങി ഏതൊരു കാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ സംസാരിക്കുന്ന ചിത്രങ്ങൾക്കൊപ്പം മഹാവീര്യറും ഉണ്ടാകും. ഭരിക്കുന്നവർ എന്നും പ്രജകളുടെ കണ്ണീരിൽ ആഹ്ലാദം കാണുകതന്നെയാണ്.

സഹജീവികളോട് ഒട്ടും അനുതാപമില്ലാതെ അവർ ഭരിക്കും. കാര്യസാധ്യതയ്ക്കായി അവർ സ്നേഹവും പ്രണയവും നൽകും. ശേഷം വലിച്ചെറിയുന്നത് ഇര പോലുമറിയില്ല. രാജ്യസ്നേഹവും ദേശീയതയുമൊക്കെ ഭരിക്കുന്നവർ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൗരണിക കാലം മുതലേ ഉണ്ടെന്നും ഇന്നും അതിന്റെ തുടർച്ച ലോകം കാണുന്നുവെന്നും രാഷ്ട്രീയവും സാമൂഹികവുമായ ഉച്ചനീച്ചത്വങ്ങളുടെ കറുത്തഹാസ്യം ഒരു സിനിമയിൽ അവതരിപ്പിക്കുക എന്ന അത്ഭുതമാണ് എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ സംഭവിച്ചിരിക്കുന്നത്.

രാജഭരണക്കാലത്ത് നിന്നും ജനാധിപത്യത്തിലേക്ക് വന്നപ്പോൾ പ്രജകൾക്ക് കൂടുതൽ അധികാരം എന്നതായിരുന്നു തീരുമാനം. എന്നാൽ അതേ ജനാധിപത്യത്തേ ഉപയോഗിച്ച് ഭരിക്കുന്നവർ നിയമത്തെ കൂടി കൂട്ടുപിടിച്ച് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ നടപ്പിലാക്കുന്നുമുണ്ട്. അതും ഈ സിനിമ പറയുന്നുമുണ്ട്. ആരൊക്കെ എങ്ങനെയൊക്കെ മാറിയാലും മാറാതെ നിൽക്കുന്ന ഒരടയാളത്തെ, രൂപത്തെ നിവിൻ സ്വശരീരത്തിലേക്ക് ആവാഹിച്ചതും അതിനെ കാലികമാക്കിയതും അനായാസമായ അഭിനയപകർച്ച കൊണ്ടാണ്. ആത്മീയം എന്നത് ജീവനാകുന്നുമുണ്ട്.

രാജാവാഴ്ചക്കാലത്തെ രാജാവായി ലാലും അദ്ദേഹത്തെ അനുസരിക്കുന്ന മന്ത്രിയായി ആസിഫും ഇരയായ പെൺ കുട്ടിയും നീതി ആർക്ക് നടപ്പിലാക്കുമെന്ന് അറിയാതെ ഉഴലുന്ന ജഡ്ജായി സിദ്ധിഖ്, ആധുനിക കാലത്തെ കഥാപാത്രങ്ങൾ ഒക്കെ ഈ ചിത്രത്തിലെ അത്ഭുതങ്ങളാണ്. അഭിനേതാക്കൾ എന്നതിനേക്കാൾ അവർ ആ കഥാപാത്രങ്ങളെ അത്രമേൽ സ്വന്തമാക്കിയിരുന്നു. ആസിഫിന്റെ ശരീരഭാഷ പോലും അതിനുമുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തത്. കോടതിമുറിയിൽ രാജാവിനെക്കുറിച്ച പറയുമ്പോഴുള്ള സംഭാഷണരീതി പോലും പ്രത്യേകതയുള്ളത്. ആസിഫിന്റെ ജീവിതത്തിലെ വിസ്മയക്കാഴ്ച. അത് വലിയ സ്‌ക്രീനിൽ തന്നെ കാണണം. ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ളവർ പോലും എത്ര അനായാസമാണ് അവതരിക്കപ്പെടുന്നത്.

ഇന്ത്യയിൽ ഒരിക്കലും ഒരു രാജാവും കോടതിമുറിയിൽ വിചാരണയ്ക്കായി വന്നു നിന്നിട്ടില്ല. ആരെയും കോടതി ശിക്ഷിച്ചിട്ടുമില്ല. അധികാരമുള്ളപ്പോൾ നിയമവും നീതിയും ഭരിക്കുന്നവർക്കൊപ്പം എന്ന് പറയാതെ പറയുന്ന മറ്റൊരാത്ഭുതവും ഈ സിനിമയിലുണ്ട്. മുകുന്ദേട്ടന്റെ Maniyambath Mukundan ഒരു കഥയിൽ നിന്ന് ഈ അത്ഭുതങ്ങൾ മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്കു നയിക്കുകതന്നെ ചെയ്യും. ലാലേട്ടനും സിദ്ധിക്കിക്കയും കാലത്തെ അതിജീവിക്കുന്ന അഭിനയപ്രതിഭകൾ.

പ്രിയപ്പെട്ടവരേ, എക്കാലത്തേക്കുമായി ഒരു സിനിമ തന്നതിന് അഭിനന്ദനങ്ങൾ പ്രിയപ്പെട്ട എബ്രിഡ് ഷൈൻ, നിവിൻപോളി'- മധുപാൽ കുറിച്ചു.

Full View


Tags:    
News Summary - Madhupal Pens About Nivin Pauly And Abrid Shine movie Mahaveeryar Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.