ഭാര്യയിൽ നിന്ന് മാനസിക പീഡനം, മക്കളെ കാണാൻ അനുവദിക്കുന്നില്ല; പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്

ഭോപ്പാൽ: ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സ്മിതയിൽ നിന്ന് മാനസിക പീഡനം നേരിടുകയാണെന്ന പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്. മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. 'മഹാഭാരതം' സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് പ്രശസ്തനായ നടനാണ് നിതീഷ് ഭരദ്വാജ്. മലയാളത്തിൽ പത്മരാജന്‍റെ 'ഞാൻ ഗന്ധർവൻ' എന്ന ചിത്രത്തിലെ ഗന്ധർവനും ഇദ്ദേഹമായിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥയായ സ്മിത മധ്യപ്രദേശ് മനുഷ്യാവകാശ കമീഷനിലെ അഡിഷണൽ ചീഫ് സെക്രട്ടറിയാണ്. 2009ലാണ് നിതീഷ് ഭരദ്വാജും സ്മിതയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2022ൽ ഇരുവരും വിവാഹമോചനത്തിന് ഹരജി നൽകിയിരുന്നു. കേസ് ഇപ്പോഴും കുടുംബകോടതിയുടെ പരിഗണനയിലാണ്.

 

ദേവയാനി, ശിവരഞ്ജിനി എന്നീ രണ്ട് കുട്ടികൾ ഇവർക്കുണ്ട്. എന്നാൽ, കുട്ടികളെ കാണാൻ സ്മിത അനുവദിക്കുന്നില്ലെന്ന് ഭോപ്പാൽ പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. താൻ കാണുന്നത് ഒഴിവാക്കാനായി കുട്ടികളുടെ സ്കൂൾ അടിക്കടി മാറ്റുകയാണ് സ്മിത. ഇത് കടുത്ത മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

 

വിഷയത്തിൽ ഇടപെടണമെന്നും കുട്ടികളെ കാണാൻ അവസരമൊരുക്കണമെന്നുമാണ് നടൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

വിവാഹമോചിതരാകാനുള്ള തീരുമാനം 2022ൽ നടൻ തന്നെയാണ് വെളിപ്പെടുത്തിയത്. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തങ്ങൾ എത്താനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നും പറഞ്ഞിരുന്നു. ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിൽ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞിരുന്നു.

മോനിഷ പാട്ടീലാണ് ഇദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ. 2005ലാണ് ഇവർ വിവാഹമോചിതരായത്. ഈ ബന്ധത്തിലുള്ള രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ് കഴിയുന്നത്. 

Tags:    
News Summary - Mahabharat Actor Nitesh Bharadwaj Accuses IAS Wife Of Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.