മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അന്തരിച്ച സംവിധായകൻ കെ.ജി ജോർജ്. 1980 ൽ കെ.ജി ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രം മമ്മൂട്ടിയുടെ തലവര മാറ്റുകയായിരുന്നു. സർക്കസ് കൂടാരത്തിലെ കാഴ്ചയും അവിടത്തെ ജീവിതവും തുറന്നു കാട്ടിയ ചിത്രത്തിൽ ബൈക്ക് അഭ്യാസിയായിട്ടാണ് മെഗാസ്റ്റാർ എത്തിയത്. ഇപ്പോഴിത സിനിമയിൽ തനിക്കൊരു മേൽവിലാസം നൽകിയ പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ച് മെഗാസ്റ്റാർ എത്തിയിരിക്കുകയാണ്. 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ'- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മേളയെ കൂടാതെ മലയാളത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ക്ലാസിക് ചിത്രമായ യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത മഹാനഗരം നിർമിച്ചത് കെ.ജി. ജോർജ് ആയിരുന്നു.1992-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചന്തക്കാട് വിശ്വൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ഞായറാഴ്ച കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി.ജോർജിന്റെ അന്ത്യം. ചൊവ്വാഴ്ചയാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.