കൊച്ചി: അഭ്രപാളിക്കകത്തും പുറത്തും നിഷ്കളങ്കചിരിയോടെ മലയാളിയുടെ മനസ്സ് കീഴടക്കിയ ഇന്നസെന്‍റിന് കൊച്ചിയുടെ യാത്രാമൊഴി. ഞായറാഴ്ച രാത്രി അന്തരിച്ച സിനിമ താരവും ലോക്സഭ മുൻ അംഗവുമായ ഇന്നസെന്‍റിന് നഗരം വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്.
ജന്മംകൊണ്ട് ഇരിങ്ങാലക്കുടക്കാരനായിരുന്നെങ്കിലും കർമംകൊണ്ട് കൊച്ചിയുമായി ചേർന്നുനിന്ന പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിനുവെച്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിയത്. രണ്ട് പതിറ്റാണ്ടോളം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്‍റ് എന്ന നിലയിലും അഞ്ചു വർഷം ചാലക്കുടി എം.പിയെന്ന നിലയിലും കൊച്ചിയുമായി അഭേദ്യബന്ധമായിരുന്നു ഇന്നസെന്‍റിനുണ്ടായിരുന്നത്.രാവിലെ എട്ടിന് ഇന്നസെന്‍റിന്‍റെ മൃതദേഹം സ്റ്റേഡിയത്തിൽ എത്തിക്കുമ്പോഴേക്കും അവിടം ജനനിബിഡമായിരുന്നു.
സാമൂഹിക-സാംസ്കാരിക - സിനിമ മേഖലകളിൽ പ്രമുഖരടക്കം തങ്ങളുടെ പ്രിയനടനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പലപ്പോഴും അണിയറ പ്രവർത്തകർ ബുദ്ധിമുട്ടി. മന്ത്രിമാരായ പി. രാജീവ്, പ്രഫ. ആർ. ബിന്ദു, സജി ചെറിയാൻ, വീണ ജോർജ്, കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, കെ. കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, നടൻ മമ്മൂട്ടി, ദുൽഖർ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബാബു ആന്‍റണി, ജനാർദനൻ, സായ്കുമാർ, ബിന്ദു പണിക്കർ, ഇടവേള ബാബു, മനോജ് കെ. ജയൻ, എം. മുകേഷ് എം.എൽ.എ, നാദിർഷ, സംവിധായകരായ ജോഷി, സിബി മലയിൽ, വിനയൻ, മധുപാൽ, ലാൽ, ബി. ഉണ്ണികൃഷ്ണൻ, ഫാസിൽ, രഞ്ജി പണിക്കർ, നമിത പ്രമോദ്, തെസ്നി ഖാൻ, ഗായകൻ എം.ജി. ശ്രീകുമാർ തുടങ്ങി ജില്ലയിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമടക്കം നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.
പലരും ചേതനയറ്റ ശരീരംകണ്ട് പൊട്ടിക്കരഞ്ഞു. 11.30ഓടെ കൊച്ചിയിലെ അന്ത്യോപചാരം പൂർത്തിയാക്കി കെ.എസ്.ആർ.ടി. സിയുടെ പ്രത്യേക വാഹനത്തിൽ അദ്ദേഹത്തിന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെടുമ്പോഴും പുറത്ത് വൻ പുരുഷാരം ഒരു നോക്ക് കാണാൻ കാത്തുനിൽക്കുകയായിരുന്നു.
ഇരിങ്ങാലക്കുട: ഇന്നസെന്റിനെ അവസാനമായി കാണാൻ തിങ്കളാഴ്ച രാത്രി പ്രമുഖരുടെ നീണ്ട നിര. നടൻ മോഹൻലാൽ ഉൾപ്പെടെ പ്രമുഖർ വീട്ടിലെത്തി. വൈകീട്ട് 7.35 ഓടെയാണ് മോഹൻലാൽ എത്തിയത്. അരമണിക്കൂർ ചെലവിട്ട് പുറത്തിറങ്ങിയതിന് പിന്നാലെ സുരേഷ് ഗോപിയെത്തി. എട്ടരയോടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമെത്തി. അൽപം കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും. ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജർ കെ. മാധവൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ, മന്ത്രി റോഷി അഗസ്റ്റിൻ, മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്രമേഖലയിലെ സലിം കുമാർ, ടിനി ടോം, അപർണ ബാലമുരളി, ആന്റണി പെരുമ്പാവൂർ, നേതാക്കളായ എം.കെ. കണ്ണൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവരും രാത്രിതന്നെ ഇന്നസെന്റിന്റെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.