തന്‍റെ പിതാവ് വീരപ്പ ഷെട്ടിയെക്കുറിച്ചും ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം സുനിൽ ഷെട്ടി. 'തന്‍റെ പിതാവിന്‍റെ ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല, അദ്ദേഹം ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു' -സുനിൽ ഷെട്ടി പറഞ്ഞു. സോണി എന്‍റർടൈൻമെന്‍റ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയുന്നു ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ -2 പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു സുനിൽ ഷെട്ടി.
'ആരാണ് എന്‍റെ ഹീറോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ എപ്പോഴും പറയും, അത് എന്‍റെ അച്ഛനാണെന്ന്. എന്‍റെ പിതാവ് അത്തരമൊരു മനുഷ്യനായിരുന്നു. അദ്ദേഹം നയിച്ച അവിശ്വസനീയമായ ജീവിതത്തെക്കുറിച്ച് ഞാൻ ശരിക്കും അഭിമാനിക്കുന്നു. വെറും ഒമ്പത് വയസ്സുള്ളപ്പോൾ അദ്ദേഹം മുംബൈയിലെത്തി ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു' -സുനിൽ ഷെട്ടി പറഞ്ഞു.
'എന്നിരുന്നാലും ഉപജീവനത്തിനായി താൻ ചെയ്യുന്ന ജോലിയിൽ അദ്ദേഹം ഒരിക്കലും ലജ്ജിച്ചിട്ടില്ല. കൗതുകകരമെന്നു പറയട്ടെ, അദ്ദേഹം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കെട്ടിടങ്ങൾ പിന്നീട് വാങ്ങി അവയുടെ ഉടമയായി. അത്തരത്തിലുള്ള മനുഷ്യനായിരുന്നു അദ്ദേഹം. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനിക്കാനും പൂർണ്ണഹൃദയത്തോടെ അത് ചെയ്യാനും അദ്ദേഹം എപ്പോഴും എന്നെ പഠിപ്പിച്ചു' -സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
പരിപാടിയിൽ കരിഷ്മയും അതിഥിയായി ഉണ്ടായിരുന്നു. അവരും വീരപ്പ ഷെട്ടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. 'ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് സുനിലിന്‍റെ അച്ഛനെ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ ഷൂട്ടിങ് സ്ഥലത്ത് വന്ന് അഭിമാനത്തോടെ മകന്‍റെ ജോലി കാണാറുണ്ടായിരുന്നു. അദ്ദേഹം തീർച്ചയായും പ്രിയപ്പെട്ട മനുഷ്യനായിരുന്നു' -കരിഷ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.