ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ആലിയ. വിവാഹ മോചനത്തിനായുള്ള നിയമ പോരാട്ടം നടക്കുന്നതിനിടെ നടനെതിരേ ഭാര്യ ബലാത്സംഗ പരാതിയും നൽകിയിട്ടുണ്ട്. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ‘നിങ്ങൾ കാണുംപോലുള്ള ആളല്ല അയാൾ’ എന്നാണ് ആലിയ പറഞ്ഞത്.
നവാസുദ്ദീൻ സിദ്ദിഖിയുടേയും ഭാര്യ ആലിയയുടെയും വിവാഹമോചന പോരാട്ടത്തിന്റെ വാർത്ത ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഇരുവർക്കും ഒരു മകളും മകനുമാണുള്ളത്. ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആലിയ ഉയർത്തുന്നത്. വിദേശത്ത് പഠിക്കുന്ന മക്കളെയും കൊണ്ട് ഒരുമാസമായി ആലിയ നാട്ടിലുണ്ട്. വിവാഹ മോചന കേസ് നടത്താനാണ് ഇവർ ഇന്ത്യയിലെത്തിയത്.
കുഞ്ഞുങ്ങളെ സംബന്ധിച്ച വിഷയം സൗഹാർദ്ദപരമായി തീർപ്പാക്കണം എന്ന് നേരത്തേ ബോംബെ ഹൈക്കോടതി ഇരുവരോടും നിർദേശിച്ചിരുന്നിരുന്നു. ‘പരസ്പരം സംസാരിക്കുക, അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയത്തിനും സന്ദർശനത്തിനും ഉള്ള അവസരം ഒരുക്കുക. അത് പരിഹരിക്കാൻ കഴിയുമെങ്കിൽ നല്ലത്. പ്രശ്നം രമ്യമായി പരിഹരിക്കൂ’ എന്നാണ് മക്കൾക്കുവേണ്ടി നവാസുദ്ദീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി വാദം കേൾക്കവേ കോടതി പറഞ്ഞത്.
വേർപിരിഞ്ഞ ഭാര്യയ്‌ക്കൊപ്പമുള്ള തന്റെ മക്കൾ എവിടെയാണെന്ന് അന്വേഷിച്ചായിരുന്നു നടന്റെ ഹേബിയസ് കോർപസ്. ഇപ്പോൾ നവാസുദ്ദീനെതിരേ ഭാര്യ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. നവാസുദീന്റെ 'മാതാവ് തന്റെ രണ്ട് വയസ്സുകാരൻ മകനെ അവിഹിത സന്തതി എന്ന് വിളിച്ചു എന്നും ഇതിൽ താൻ അസ്വസ്ഥതയാണെന്നും ആലിയ പറഞ്ഞു.
മകനെ നവാസുദീൻ ഒരിക്കൽപ്പോലും സ്പർശിച്ചിട്ടുപോലുമില്ല . അച്ഛനെക്കുറിച്ച് കുഞ്ഞിനും അറിയില്ല. ദുബായിയിൽ ഉണ്ടായിരുന്ന നാളുകളിൽ അദ്ദേഹം മകന് കരുതലോ സ്നേഹമോ നൽകിയില്ല എന്നും ആലിയ ആരോപിക്കുന്നു
മാതാപിതാക്കൾക്കിടയിൽ എന്താണ് നടക്കുന്നതെന്ന് അവരുടെ കുട്ടികൾക്കും അറിയാമോ എന്ന ചോദ്യത്തിന് ആലിയ നൽകിയ മറുപടി ഇങ്ങനെ: 'ഞങ്ങളുടെ മകൾക്ക് 12 വയസ്സുണ്ട്, രണ്ട് വർഷമായി അവൾ മിക്കവാറും എല്ലാം കാണുന്നു. എന്റെ മകൻ ഇപ്പോഴും ചെറിയ കുട്ടിയാണ്' എന്നാണ്.
വിഷയത്തിൽ നടനും പ്രതികരിച്ചു. മക്കളുടെ പഠനത്തെച്ചൊല്ലി താൻ ആശങ്കാകുലനാണെന്നും, ഒരുമാസമായി നാട്ടിലായതിനാൽ അവർക്ക് ദുബായിയിലെ സ്കൂൾ പഠനം പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. മറ്റ് കാര്യങ്ങളെപ്പറ്റി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.