ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രം യെന്തിരന്‍റെ കഥ മോഷ്ടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന് ജാമ്യമില്ല വാറണ്ട്. എഗ്മോർ മെട്രോപൊളിറ്റൻ മജിസ്േട്രറ്റ് കോടതി രണ്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിലാണ് നടപടി.
ജിഗുബ എന്ന തന്‍റെ കഥ മോഷ്ടിച്ചാണ് ശങ്കർ യെന്തിരൻ സിനിമ ചിത്രീകരിച്ചതെന്നാണ് ആരോപണം. 1996ൽ ജിഗുബ തമിഴ്നാടൻ പ്രകാശനം ചെയ്തിരുന്നു. വർഷങ്ങൾ പഴക്കമുള്ള കേസിലാണ് നടപടി.
തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ശങ്കറിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും.
1996ൽ ജിഗുബ ഒരു തമിഴ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 2007ൽ ദിക് ദിക് ദീപിക ദീപിക എന്ന പേരിൽ പുനപ്രസിദ്ധീകരിച്ചു. തുടർന്ന് കഥ മോഷ്ടിച്ച് യെന്തിരൻ സിനിമ നിർമിക്കുകയായിരുന്നുവെന്നും സിനിമയിൽനിന്ന് വലിയ വരുമാനം യെന്തിരൻ ടീം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
2010ലാണ് യെന്തിരൻ റിലീസ് ചെയ്യുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തും ഐശ്വര്യ റായ്യും പ്രധാന കഥാപാത്രങ്ങളായി എത്തിയ യെന്തിരൻ 2010ൽ ഏറ്റവും മികച്ച കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.