‘സ്വർഗസമാനമായ വേദിയിൽ സ്വപ്നം പോലൊരു വിവാഹം’ - അതായിരുന്നു ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയും തമ്മിലേത്. അതിസമ്പന്നരുടെ പ്രിയപ്പെട്ട ഇടമായ രാജസ്ഥാനിലെ ഉദയ്പുർ, ലീലാ പാലസിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിവാഹത്തിന്റെ ചെലവ് കോടികളാണെന്നാണ് കണക്കാക്കപ്പെടുന്നത്.
സിനിമാ സെറ്റിലെ പരിചയം
ഒരു സിനിമാ സെറ്റിൽ ഏറെ അപ്രതീക്ഷിതമായാണ് പരിണീതിയും രാഘവ് ഛദ്ദയും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് രാഷ്ട്രീയ പ്രവർത്തകൻ ബോളിവുഡിന്റെ മരുമകനാവുന്നത്. പരിണീതിയുമായി താരതമ്യം ചെയ്യുമ്പോൾ സമ്പത്തിന്‍റെ കാര്യത്തിൽ രാഘവ് ഏറെ പിന്നിലാണ്. പക്ഷെ ജീവിതത്തിൽ ഒന്നിക്കാൻ അതൊന്നും അവർക്ക് വിഷയമായില്ല.
ഉയദ്പുരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖർ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് രംഗത്തെത്തിയത്. വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാൻ ഉദയ്പൂർ വിമാനത്താവളം അടക്കം അലങ്കരിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ടെന്നിസ് താരം സാനിയ മിര്‍സ, ക്രിക്കറ്റ് താരം ഹർഭജൻ സിങ് തുടങ്ങി നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിയിരുന്നു.
സ്വർഗം പോലൊരു വിവാഹ വേദി
ഉദയ്പുരിലെ ലീല പാലസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകളിൽ ഒന്നാണ്. നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും ആഘോഷങ്ങൾക്കുള്ള വേദിയായി ഇവിടം തെരഞ്ഞെടുക്കാറുണ്ട്. ഒരു രാത്രി ഇവിടെ താമസിക്കാൻ ചെലവാകുക ലക്ഷങ്ങളാണ്. വെബ്‌സൈറ്റ് അനുസരിച്ച്, ലീല പാലസിലെ ഏറ്റവും വിലകുറഞ്ഞ മുറിക്ക് ഒരു രാത്രിയിലേക്കുള്ള ചെലവ് 26,350 രൂപയാണ്. ഇതുകൂടാതെ, ഒരു രാത്രിക്ക് ഒരു ലക്ഷം, 3 ലക്ഷം, 5 ലക്ഷം രൂപ നിരക്കിൽ സ്യൂട്ടുകളും ലഭ്യമാണ്. മഹാരാജ സ്യൂട്ടിന്റെ വില ഒരു രാത്രിക്ക് 10 ലക്ഷം രൂപ വരെയാണ്.
ലീലാ പാലസിലെ മഹാരാജ സ്യൂട്ട് 3,585 ചതുരശ്ര അടി വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിവ ഉൾക്കൊള്ളുന്നതാണ് ഒരു സ്യൂട്ട്. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. ബാത്ത് ടബും ജക്കൂസിയും ഉള്ള ബാത്റൂമിൽ ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, ഒരു അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ എന്നിവയും ഉൾപ്പെടും. നടുമുറ്റം, ബാൽക്കണി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒരാൾക്ക് ഏതുതരം തലയിണ വേണമെന്ന് പോലും തിരഞ്ഞെടുക്കാം.
വെബ്സൈറ്റ് പ്രകാരം ലീല പാലസിന്റെ ബ്രോഷറിൽ ഒരു രാജകീയ വിവാഹ പാക്കേജ് ഉണ്ട്. ഇതിൽ വധൂവരന്മാർക്ക് ഒരു ആഡംബര സ്യൂട്ടും ചടങ്ങുകൾക്കുള്ള ഗ്രൗണ്ടുകളും മറ്റ് നിരവധി സൗകര്യങ്ങളും ലഭിക്കും. ഈ പാക്കേജ് പ്രകാരം 150-200 പേർക്ക് ഇതിൽ പങ്കെടുക്കാം. ഈ പാക്കേജ് തെരഞ്ഞെടുത്ത് ലീലാ പാലസിൽ ഒരു കല്യാണം നടത്തണമെങ്കിൽ ഏകദേശം 1.6 കോടി മുതൽ 2.2 കോടി രൂപ വരെ ചിലവഴിക്കേണ്ടി വരും.
ചർച്ചയായി പ്രിയങ്കയുടെ അസാന്നിധ്യം
പരിണീതിയുടെ കസിൻ സഹോദരിയായ നടി പ്രിയങ്ക ചോപ്ര വിവാഹത്തിൽ പങ്കെടുക്കാത്തത് ചർച്ചയായിരുന്നു. എന്നാൽ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രിയങ്ക തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. രാഘവിനു തങ്ങളുടെ കുടുംബത്തിലേക്കു സ്വാഗതമെന്നും, പരിണീതി വിവാഹവേഷത്തിൽ സുന്ദരിയായിരിക്കുന്നു എന്നുമാണ് ഫോട്ടോക്കൊപ്പമുള്ള കുറിപ്പിൽ എഴുതിയത്. എന്നാൽ ഫോട്ടോയ്ക്കു താഴെ നെഗറ്റീവ് കമന്റുകളുടെ ബഹളമാണ്.
അനുജത്തിയുടെ കല്യാണത്തിനു പങ്കെടുക്കാത്തത് മോശമായെന്നും, ഇത് എന്തുതരം ചേച്ചിയാണ് എന്നുമാണ് ചോദ്യങ്ങൾ. എന്ത് ജോലിത്തിരക്ക് ആയാലും കുടുംബത്തിലെ ഇത്രയും വലിയ ചടങ്ങിന് പ്രിയങ്ക വരണമായിരുന്നെന്ന് പലരും കമന്റ് ചെയ്തു. പ്രിയങ്കയുടെ ജീവിതത്തിലെ എല്ലാ ചടങ്ങുകളിലും പരിണീതി പങ്കെടുത്തിരുന്നു. എന്നാൽ, അനുജത്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം പ്രിയങ്ക മറ്റെവിടെയോ ആയിരിക്കുന്നത് എത്ര മോശമാണെന്നാണ് കമന്റുകൾ പറയുന്നത്. പ്രിയങ്കയ്ക്ക് ജോലി സംബന്ധമായ ചില ബുദ്ധിമുട്ടുകൾ കാരണം വിവാഹത്തിനു എത്താനാവില്ലെന്നു മുൻകൂട്ടി അറിയിച്ചിരുന്നതായാണ് വിവരം.
സമ്പത്തിൽ മുന്നിൽ പരിണീതി
രണ്‍വീര്‍ സിങ്ങും അനുഷ്‌ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേഡീസ് വേഴ്‌സസ് റിക്കി ബാല എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ പരിണീതി ചോപ്ര നമസ്‌തേ ഇംഗ്ലണ്ട്, സന്ദീപ് ഓര്‍ പിങ്കി ഫരാര്‍, ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിന്‍, സൈന, ദാവത്ത് ഇ ഇഷ്‌ക്, കോഡ് നെയിം തിരംഗ തുടങ്ങിയവയിലും വേഷമിട്ടു. അമര്‍ സിങ് ചംകിലയാണ് പുറത്തിറങ്ങാനുള്ള ചിത്രം.
ആം ആദ്മിയുടെ യുവനേതാക്കളിൽ ഒരാളായ രാഘവ് ഛദ്ദ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനാവുന്നത്. ആം ആദ്മി പാർട്ടി രൂപവത്കരിച്ചപ്പോൾ അതിൽ ചേരുകയും പിന്നീട് ഡൽഹി രാജേന്ദ്ര നഗറിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമാണ്.
സിനിമയിൽ അഭിനയിച്ചു കിട്ടുന്ന വരുമാനത്തിന് പുറമെ, ഒട്ടേറെ ബ്രാൻഡുകളുടെ മുഖമാവുക വഴി 34കാരിയായ പരിണീതി ചോപ്ര കോടികൾ സമ്പാദിക്കുന്നുണ്ട്. മുംബൈയിലെ ആഡംബര വസതി, അത്യപൂർവ കാറുകളുടെ കളക്ഷൻ എന്നിവ ഉൾപ്പെടുന്നതാണ് പരിണീതിയുടെ ആസ്തികൾ. 60 കോടിയാണ് പരിണീതി ചോപ്രയുടെ സമ്പത്തിന്‍റെ ആക മൂല്യമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു മാസം 40 ലക്ഷം രൂപയാണ് പരിണീതിയുടെ ശമ്പളം എന്ന് റിപോർട്ടുണ്ട്. വമ്പൻ താരങ്ങളുമായി വിവാഹബന്ധത്തിലൂടെ കോടാനുകോടി രൂപയുടെ സ്വത്തുക്കൾ വന്നുചേരുന്ന കുടുംബങ്ങളെ വച്ച് നോക്കിയാൽ പരിണീതിയെ ആ ഗണത്തിൽ പെടുത്താൻ പറ്റില്ല. നടിയുടെ ഭർത്താവായ രാഘവ് ഛദ്ദയുടെ ആസ്തി ഭാര്യയുടെ നാലിൽ ഒന്ന് പോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.