കുരങ്ങനിൽ നിന്ന് നേരിടേണ്ടി വന്ന വിചിത്ര അനുഭവം പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. അടുത്തിടെ നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കുരങ്ങനിൽ നിന്ന് അടി കിട്ടിയ സംഭവമാണ് പ്രിയങ്ക പറഞ്ഞത്. സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നെന്നും ഇതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക പറഞ്ഞു. തന്നെ തല്ലിയതിന് ശേഷം ആ കുരങ്ങൻ മരത്തിലേക്ക് തിരികെ കയറി പോയെന്നും താരം കൂട്ടിച്ചേർത്തു.
'ഇന്ത്യയിൽ പഠിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ സ്കൂൾ വളപ്പിൽ ഒരു മരം ഉണ്ടായിരുന്നു. അതിൽ കുറെ കുരങ്ങുകൾ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു കുരങ്ങൻ പഴം പൊളിക്കാൻ കഷ്ടപ്പെടുന്നത് കണ്ടു. അത് എത്ര ശ്രമിച്ചിട്ടും തൊലി പൊളിക്കാൻ സാധിക്കുന്നില്ല. ഇതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ ആ കുരങ്ങനെ നോക്കി പൊട്ടിച്ചിരിച്ചു. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പെട്ടെന്ന് ആ കുരുങ്ങൻ മരത്തിൽ നിന്ന് ഇറങ്ങി വന്ന് എന്റെ കവിളത്ത് അടിച്ചു. എന്നിട്ട് അത് പതുക്കെ മരത്തിന് മുകളിലേക്ക് പോയി. ഞാൻ ആകെ സ്തബ്ധയായി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. ഇതുകണ്ടിട്ട് എന്റെ കൂട്ടുകാർ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. നാണക്കേടും വേദനയുമെല്ലാം അന്ന് ഒന്നിച്ച് അനുഭവപ്പെട്ടു. ഞാൻ ആകെ നാണക്കെട്ടു നിൽക്കുമ്പോൾ ആ കുരങ്ങൻ ഒന്നും അറിയാത്ത മട്ടിൽ മരത്തിന് മുകളിലിരുന്ന് പഴം പൊളിച്ച് ആസ്വദിച്ച് തിന്നുന്നു'- പ്രിയങ്ക ചോപ്ര പറഞ്ഞു.
സിനിമ പശ്ചാത്തലമില്ലാതെ സ്വന്തം പ്രയത്നത്താൽ സിനിമയിൽ എത്തിയ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബൽ ഐക്കണാണ് താരം. നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് പ്രിയങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.