പ്രിയപ്പെട്ട മമ്മൂക്ക...നിങ്ങളീ ഭൂമിയില്‍ അവതരിച്ചില്ലായിരുന്നെങ്കില്‍, എനിക്ക് നിശ്ചലം ശൂന്യമീ ലോകം...

കൊച്ചി: മമ്മൂട്ടിയുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്നയാളാണ്​ നിർമാതാവ്​ ആ​േന്‍റാ ജോസഫ്​. മമ്മൂട്ടിയുടെ സന്തത സഹചാരി. താരത്തിന്‍റെ എഴുപതാം പിറന്നാൾ ദിനത്തിൽ അദ്ദേഹവുമായുള്ള ഊഷ്​മള ബന്ധവും ആഘോഷമാക്കുകയാണ്​ ആ​േന്‍റാ. തനിക്കും പ്രോജക്​ട്​ ഡിസൈനറും നിർമാതാവുമായ ബാദുഷക്കും നടൻ രമേശ്​ പിഷാരടിക്കുമൊപ്പം മമ്മൂട്ടി പിറന്നാൾ കേക്ക്​ മുറിക്കുന്ന ചിത്രം ഫേസ്​ബുക്കിൽ ആ​േൻറാ പങ്കുവെച്ചു. ഒപ്പം ഹൃദ്യമായൊരു കുറിപ്പും.

കോടിക്കണക്കായ ആരാധകര്‍ മമ്മൂക്കക്കൊപ്പം ഒരു നിമിഷത്തിന് വേണ്ടി കൊതിക്കുമ്പോള്‍ ഓരോ ദിവസവും പുലരുന്നതു മുതല്‍ രാവേറും വരെ അദ്ദേഹത്തിനൊപ്പം നിൽക്കാനും നടക്കാനും യാത്രചെയ്യാനും ഈശ്വരന്‍ തന്ന ഭാഗ്യത്തിന്​ നന്ദി പറയുകയാണ്​ ആ​േന്‍റാ ജോസഫ്​. 'പ്രിയപ്പെട്ട മമ്മൂക്ക... നിങ്ങള്‍ ഈ ഭൂമിയില്‍ അവതരിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് നിശ്ചലം ശൂന്യമീ ലോകം' എന്നെഴുതിയാണ്​ ആ​േന്‍റാ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​.

ആ​േന്‍റാ ജോസഫിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

ഇന്ന് സെപ്റ്റംബര്‍ ഏഴിന് മമ്മൂക്കയുടെ പിറന്നാള്‍ മധുരം ആ കൈകളില്‍ നിന്ന് തന്നെ ഏറ്റുവാങ്ങിയ ശേഷമാണ് ഇതെഴുതുന്നത്. സത്യമായിട്ടും എനിക്കറിയില്ല എവിടെ തുടങ്ങണമെന്നും എന്താണ് എഴുതേണ്ടതെന്നും. മനസിലിപ്പോള്‍ അലയടിച്ചുവരുന്നത് എത്രയോ നല്ല നിമിഷങ്ങളാണ്. എത്രയെഴുതിയാലും തീരാത്ത ഓര്‍മകള്‍... മമ്മൂട്ടിയെന്ന നടനെയല്ല, മമ്മൂട്ടിയെന്ന മകനെ, ഭര്‍ത്താവിനെ, അച്ഛനെ, കൊച്ചുമക്കളുടെ പ്രിയപ്പെട്ട ഗ്രാന്‍ഡ്പായെ, അനുജന്മാരുടെ വല്യേട്ടനെ ആണ് എനിക്ക് പരിചയം. ഇത്രയും കാലം ഞാന്‍ കണ്ട മമ്മൂക്ക ഹൃദയത്തില്‍ സ്നേഹം മാത്രമുള്ള കുടുംബനാഥനാണ്. ലോകമെങ്ങുമുള്ള കുടുംബനാഥന്മാര്‍ റോള്‍മോഡലാക്കേണ്ടയാള്‍. മമ്മൂട്ടിയെപ്പോലെ എന്ന പ്രയോഗം മലയാളികള്‍ സൗന്ദര്യത്തെയും അഭിനയത്തെയുമൊക്കെക്കുറിച്ചുള്ള സംഭാഷണങ്ങളില്‍ എപ്പോഴും ആവര്‍ത്തിക്കാറുള്ള ഒന്നാണ്. പക്ഷേ ഈ വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുക മമ്മൂട്ടിയെന്ന കുടുംബനായകനാണ്. മമ്മൂട്ടിയെപ്പോലൊരു കുടുംബനാഥനായിരുന്നെങ്കില്‍ എന്ന് പറയാനാണ് എനിക്കിഷ്ടം.

മമ്മൂട്ടിയെന്ന മകന്‍ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാല്‍ ഇടറിപ്പോകുന്നയാളാണ്. മമ്മൂട്ടിയെന്ന ഭര്‍ത്താവ് ഏതുതിരക്കിനിടയിലും എത്ര അകലെയായിരുന്നാലും ഭാര്യയുടെ കാതിനരികെയെത്തുന്നയാളാണ്. മമ്മൂട്ടിയെന്ന അച്ഛന്‍ മക്കള്‍ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്നയാളാണ്. മമ്മൂട്ടിയെന്ന ഗ്രാന്‍പാ മിഠായിമധുരമുള്ള ചക്കരയുമ്മയാണ്. മമ്മൂട്ടിയെന്ന വല്യേട്ടന്‍ ബന്ധങ്ങളുടെ വേരോട്ടമുള്ള വലിയൊരു തണല്‍മരമാണ്. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തുകൊണ്ടാണ് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്: 'സുലു എന്‍റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്‍റെ സഹോദര ഭാര്യ സുലുവിന്‍റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്'. രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു മമ്മൂക്കയിലെ മകനും ഭര്‍ത്താവും. ഇതിനപ്പുറം എന്ത് സൗന്ദര്യമാണുള്ളത്?

കോടിക്കണക്കായ ആരാധകര്‍ മമ്മൂക്കയ്ക്കൊപ്പം ഒരു നിമിഷത്തിന് വേണ്ടി കൊതിക്കുമ്പോള്‍ ഓരോ ദിവസവും പുലരുന്നതുമുതല്‍ രാവേറും വരെ അദ്ദേഹത്തിനൊപ്പം നിൽക്കാനും നടക്കാനും യാത്രചെയ്യാനും ഈശ്വരന്‍ എനിക്ക് ഭാഗ്യം തന്നു. ആ ദാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. സുകൃതം എന്ന വാക്കിന്‍റെ അര്‍ഥം ഞാനിപ്പോള്‍ അറിയുന്നു. മമ്മൂക്കയുടെ ഈ ജന്മദിനത്തില്‍ ഈശ്വരനോട് പ്രാര്‍ഥിക്കുന്നതും അതാണ്. ഇനിയും അങ്ങനെതന്നെയാകണേ... ഞാന്‍ എന്നും കാണുന്ന സ്വപ്നത്തിന്‍റെ പേരാണ് മമ്മൂട്ടി. പ്രിയപ്പെട്ട മമ്മൂക്ക... നിങ്ങള്‍ ഈ ഭൂമിയില്‍ അവതരിച്ചില്ലായിരുന്നെങ്കില്‍... എനിക്ക് നിശ്ചലം ശൂന്യമീ ലോകം...

Full View

Tags:    
News Summary - Producer Anto Joseph narrates the relation with Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.