ഉദയ്പൂർ: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിണീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖർ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് രംഗത്തെത്തിയത്.
ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പരസ്‌പരം ഒന്നിക്കാതെ ജീവിക്കാൻ കഴിയുമായിരുന്നില്ലെന്നും ഒടുവിൽ ഒന്നിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നും ദമ്പതികൾ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാൻ ഉദയ്പൂർ വിമാനത്താവളം അടക്കം അലങ്കരിച്ചിരുന്നു. വിവാഹ വേദിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ടെന്നിസ് താരം സാനിയ മിര്‍സ, ക്രിക്കറ്റ് താരം ഹർഭജൻ സിങ് തുടങ്ങി നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രാജസ്ഥാനിലെത്തിയിരുന്നു.
ഈ വർഷം മാർച്ചിൽ മുംബൈയിലെ ഭക്ഷണശാലയിൽനിന്ന് ഒരുമിച്ച് പുറത്ത് പോകുന്ന ഫോട്ടോ പുറത്തുവന്ന ശേഷമാണ് ഇരുവരും വിവാഹിതരാകുന്നെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മേയ് 13ന് ഡൽഹിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം.
രണ്‍വീര്‍ സിങ്ങും അനുഷ്‌ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേഡീസ് വേഴ്‌സസ് റിക്കി ബാല എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ പരിണീതി ചോപ്ര നമസ്‌തേ ഇംഗ്ലണ്ട്, സന്ദീപ് ഓര്‍ പിങ്കി ഫരാര്‍, ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിന്‍, സൈന, ദാവത്ത് ഇ ഇഷ്‌ക്, കോഡ് നെയിം തിരംഗ തുടങ്ങിയവയിലും വേഷമിട്ടു. അമര്‍ സിങ് ചംകിലയാണ് പുറത്തിറങ്ങാനുള്ള ചിത്രം.
ആം ആദ്മിയുടെ യുവനേതാക്കളിൽ ഒരാളായ രാഘവ് ഛദ്ദ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനാവുന്നത്. ആം ആദ്മി പാർട്ടി രൂപവത്കരിച്ചപ്പോൾ അതിൽ ചേരുകയും പിന്നീട് ഡൽഹി രാജേന്ദ്ര നഗറിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.