സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നടി രശ്മിക മന്ദാന തന്റെ മാനേജറെ പുറത്താക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കരിയറിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് പുറത്താക്കിയതെന്നായിരുന്നു വാർത്ത. 80 ലക്ഷം രൂപ മാനേജർ നടിയിൽ നിന്ന് തട്ടിയെടുത്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തെ കുറിച്ച് ആദ്യഘട്ടത്തിൽ രശ്മിക പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ നടി വാർത്തയെകുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.
നടിയുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങൾ പറയുന്നതനുസരിച്ച് പ്രചരിച്ച വാർത്തകൾ ഭാഗികമായി മാത്രമാണ് ശരി. മാനേജറുമായി സൗഹാർദപരമായി പിരിയുകയായിരുന്നു രശ്മിക എന്നാണ് അവർ പറയുന്നത്.‘കബളിപ്പിച്ചെന്ന കാരണത്താൽ മാനേജറെ രശ്മിക പറഞ്ഞു വിട്ടെന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധവും വ്യാജവുമാണ്. തെന്നിന്ത്യയിലെ മാനേജർ ഒരുപാട് കാലമായി താരത്തിനൊപ്പമുണ്ട്. അവരുടേതായ വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും സൗഹാർദപരമായി തന്നെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു’-താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ വർഷം വികാസ് ബാൽ ചിത്രം ‘ഗുഡ് ബൈ’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രശ്മിക, സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം ‘മിഷൻ മജ്നു’വിലാണ് അവസാനമായി അഭിനയിച്ചത്. സന്ദീപ് റെഡ്ഡി വാങ്ങയുടെ ‘ആനിമലി’ൽ റൺബീർ കപൂറുമായിട്ടായിരിക്കും രശ്മിക സ്ക്രീനിലെത്തുക. ആഗസ്റ്റ് 11 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. രശ്മികയ്ക്ക് കുറച്ചധികം ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് അവസരം വന്നിട്ടുണ്ട്. അതുകൊണ്ട് ഒരു മുംബൈ ആസ്ഥാനമായ ടാലന്റ് കമ്പനിയെ സമീപിക്കാൻ തയാറെടുക്കുകയാണ് രശ്മിക.
പുഷ്പ 2 ന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ രശ്മിക. 2021 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിലും അല്ലു അർജുനും ഫഹദ് ഫാസിലും തന്നെയായിരിക്കും പ്രധാന വേഷത്തിലെത്തുക. പുഷ്പയുടെ ഷൂട്ടിങ്ങിനുശേഷം ദേവ് മോഹനൊപ്പമുള്ള ചിത്രം ‘റെയ്ൻബോയിലാ’യിരിക്കും രശ്മിക എത്തുക. അല്ലു അര്‍ജുന്റെ ‘പുഷ്പ 2’ ആണ് രശ്മികയുടെ മറ്റൊരു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.