തൃശൂർ: ‘‘ഉറക്കത്തിന് എന്തുഭാഷ. ഉറങ്ങുന്നവർക്ക് വല്ല ഭാഷയും സംസാരിക്കേണ്ടിവരുമോ’’. ലോക്സഭയിൽ എത്തിയാൽ ഏതുഭാഷയിൽ സംസാരിക്കുമെന്ന ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടിയായിരുന്നു ഇത്. ആദ്യ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് അങ്കമാലി മണ്ഡലത്തിലെ പര്യടനത്തിനിടെ ഒരു സ്വീകരണസ്ഥലത്തുനിന്നാണ് ഈ ചോദ്യം ഉയർന്നത്. അപ്പോൾ അദ്ദേഹം മൗനം പാലിച്ചു.
പേക്ഷ അടുത്ത സ്വീകരണസ്ഥലത്ത് ഇങ്ങനെ പറഞ്ഞെന്നുമാത്രമല്ല, പിന്നാലെ ഹിന്ദിയിൽ സംസാരിച്ച് സദസ്സിന്റെ കൈയടി നേടുകയും ചെയ്തു. ആയിടെ മുതിർന്ന ദേശീയനേതാക്കൾ അടക്കം ലോക്സഭയിൽ ഇരുന്ന് ഉറങ്ങുന്ന ചിത്രം മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. ഇക്കാര്യം കുറിക്കുകൊള്ളുന്ന രീതിയിൽ നർമത്തിൽ ചാലിച്ചായിരുന്നു മറുപടി.
രോഗാതുരനായ സമയത്താണ് ഇന്നസെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പലപ്പോഴും വൈകീട്ട് ആകുമ്പോഴേക്കും ശാരീരിക, മാനസിക അവശതകളാൽ വല്ലാതെ പ്രയാസപ്പെടും. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനവേളയിൽ പുത്തൻചിറയിലെ പര്യടനത്തിന് പിന്നാലെ കൊമ്പത്തുകടവാണ് അടുത്ത സ്വീകരണം.
ഏറെ ക്ഷീണിതനായ അദ്ദേഹത്തിനൊപ്പം അങ്ങോട്ടുള്ള യാത്രയിൽ നിലവിലെ തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാഷുമുണ്ട്. കുറച്ചു മുന്നോട്ടുപോകവേ ഇന്നസെന്റ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. അതിൽനിന്ന് ഇറങ്ങി പിന്നാലെ വന്ന തന്റെ കാറിൽ കയറി ഒറ്റപ്പോക്കുപോയി. ഡേവിസ് മാഷാകെ വല്ലാതായി. കൊമ്പത്തുകടവിൽ എത്തുമ്പോൾ ഇന്നസെന്റിന് വേദി ഒരുക്കാനായി സഹപ്രവർത്തകരുടെ തകർപ്പൻ പ്രസംഗം. ഇന്നസെന്റില്ലാതെ എത്തിയ മാഷിന് അവരോട് ഒന്നും പറയാനാവാത്ത സാഹചര്യം. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഇന്നസെന്റ് അങ്ങോട്ട് എത്തിയപ്പോഴാണ് സംഘാടകർക്ക് ശ്വാസം നേരെവീണത്.
കാറിൽനിന്ന് ഇറങ്ങി മാഷുടെ തോളിൽ തട്ടി താനൊന്ന് മൂത്രമൊഴിക്കാൻ പോയതാണെന്ന ഇന്നസെന്റിന്റെ വാക്കുകൾ പറഞ്ഞ് മാഷ് ഇപ്പോഴും ഇടക്ക് ഊറിയൂറി ചിരിക്കാറുണ്ട്. തന്റെ തീഷ്ണമായ ജീവിതാനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് ജനത്തിന് സാന്ത്വനമാവാൻ അദ്ദേഹം എം.പി ആയിരിക്കവേ ശ്രമം നടത്തി. അതുകൊണ്ടാണ് ചാലക്കുടി ലോക്സഭ മണ്ഡത്തിൽ ആലുവ, ചാലക്കുടി, അങ്കമാലി, കൊടുങ്ങല്ലൂർ മേഖലയിൽ മാമോഗ്രഫി യൂനിറ്റുകൾ തുടങ്ങാൻ അദ്ദേഹത്തിനായത്.
പിതാവിൽനിന്ന് ലഭിച്ച ഇടത് രാഷ്ട്രീയപക്ഷം മുറുകെപിടിക്കുമ്പോഴും ചിലയിടങ്ങളിൽ ഇന്നസെന്റായ ഫിലോസഫി അദ്ദേഹം പ്രകടമാക്കി. തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയുമായിരുന്നു. ചിലപ്പോഴത് തമാശയിൽ പൊതിഞ്ഞാണ് പറയുകയെങ്കിലും പ്രതിയോഗികൾക്കുമേൽ ചാട്ടുളി പ്രയോഗമായി പരിണമിച്ചിരുന്നു.
രണ്ടാം തെരഞ്ഞെടുപ്പ് അങ്കത്തിൽ അദ്ദേഹം തോൽവി പ്രതീക്ഷിച്ചിരുന്നില്ല. 19 പേരും തോറ്റതുകൊണ്ട് താനും തോറ്റു എന്നുപറഞ്ഞ് കേരളത്തിന്റെ പൊതുവികാരത്തെ ഉൾക്കൊള്ളുകയാണെന്ന് മറുപടി നൽകി തേന്റതായ ശൈലിയിൽതന്നെയായിരുന്നു അതിനോടും പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.