പൃഥ്വിരാജായിരുന്നില്ല മൊയ്തീനായി ആദ്യം മനസിൽ, ഉണ്ണി മുകുന്ദനായിരുന്നു! വെളിപ്പെടുത്തി ആർ.എസ്. വിമൽ

പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015 ൽ ആർ. എസ് വിമൽ സംവിധാനം ചെയ്ത ചിത്രമാണ് 'എന്ന് നിന്റെ മൊയ്തീൻ'. കാഞ്ചനമാലയുടേയും മൊയ്തീന്റേയും അതിമനോഹരമായ പ്രണയകഥ പറഞ്ഞ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. കാഞ്ചനമാലയായി പാർവതി തിരുവോത്ത് എത്തിയപ്പോൾ അനശ്വര പ്രണയകഥയിലെ മൊയ്തീനായത് പൃഥ്വിരാജായിരുന്നു. ഈ ചിത്രത്തോടെ താരങ്ങളുടെ പ്രേക്ഷക സ്വീകാര്യതയും വർധിച്ചിരുന്നു.

ചിത്രത്തിൽ നായകനായി താൻ ആദ്യം മനസിൽ കണ്ടത് പൃഥ്വിരാജ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആർ.എസ്. വിമൽ. ശശിയും ശകുന്തള‍യും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. മൊയ്തീനായി ആദ്യം മനസിൽ കണ്ടത് ഉണ്ണി മുകുന്ദനെയായിരുന്നു.

'മൊയ്തീൻ ചെയ്യുന്നതിന് മുമ്പ് ഒരു ഷോർട്ഫിലിമിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. ‘ജലം കൊണ്ട് മുറിവേറ്റവർ’ എന്നായിരുന്നു പേര്. അതിലെ മൊയ്തീൻ സിനിമയാക്കാനായി നടക്കുക‍യായിരുന്നു. എന്റെ മനസിൽ ഉണ്ണി മുകുന്ദനായിരുന്നു. ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു മനസിൽ. അങ്ങനെ ഉണ്ണിയെ കണ്ട് ഡോക്യുമെന്ററി കാണിച്ചു. എന്റെ മനസിലുള്ളത് പറഞ്ഞു.

അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രം​ഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. വലിയ ശരീരവും പക്ഷേ നൈർമല്യം പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന്. ആ രം​ഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ ‘സിനിമ ചെയ്യുന്നില്ല ചേട്ടാ’ എന്ന് പറഞ്ഞു'- ആർ.എസ്. വിമൽ പഴയ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

ആർ.എസ്. വിമൽ കഥയും തിരക്കഥയും രചിച്ച് നിർമിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. മലബാറിൽ നടക്കുന്ന മറ്റൊരു പ്രണയകഥയാണിത്. 

Tags:    
News Summary - R.S Vimal Opens Up Unni Mukundan was first in my mind as moideen Not Prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.