പ്രഖ്യാപനം മുതൽ തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ വ്യാഴാഴ്ച അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 100 മില്യൺ കാഴ്ചക്കാരെയാണ് ടീസർ നേടിയിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് സലാറിന്റെ അണിയറപ്രവർത്തകർ എത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. കൂടാതെ ട്രെയിലറിന്റെ റിലീസിങ് തീയതിയും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമ വൈദഗ്ധ്യത്തിന്റെ പ്രതീകമായി മാറിയ സലാർ സൃഷ്‌ടിച്ച വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനു നിങ്ങളിൽ നിന്നും ഞങ്ങൾക്കേവർക്കും ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണ്. സലാർ ടീസർ 100 മില്ല്യൺ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനു ഞങ്ങളുടെ ഓരോ വലിയ ആരാധകർക്കും കാഴ്ചക്കാർക്കും സലാർ ടീമിന്റെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങൾക്കായി ഒരുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.
'ഇപ്പോൾ തന്നെ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തിവെക്കുക ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യൻ സിനിമയുടെ മാസ്മരികത്വം പ്രദർശിപ്പിക്കുന്ന, നിങ്ങൾ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഇതിഹാസമായേക്കാവുന്ന സലാറിന്റെ ട്രെയിലർ പുറത്തിറക്കാൻ ഞങ്ങൾ തയാറെടുക്കുകയാണ്. ഒരു അവിസ്മരണീയമായ കാഴ്ചക്കായി നിങ്ങൾ തയാറെടുക്കുക . കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുക, പ്രൗഢഗംഭീരമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാവുക . ഇന്ത്യൻ സിനിമയുടെ പ്രൗഢി ഉയർത്തി ചരിത്രം സൃഷ്ടിക്കാൻ ആയിട്ടുള്ള ഈ യാത്രയിൽ നമുക്ക് ഒന്നിച്ചു മുന്നേറാം'- ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തു.
സെപ്റ്റംബർ 28 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ സലാർ പാർട്ട് 1 സീസ് ഫയർ റിലീസിനെത്തുന്നത്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിലാണ് തിയറ്ററുകളിൽ എത്തുന്നത്.
400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.