സിനിമയിൽ നിന്ന്​ ഇടവേള എടുക്കുമെന്ന്​ നടി സാമന്ത റൂത്​ പ്രഭു; കാരണം ഇതാണ്​

സിനിമിയിൽ നിന്ന് ഒരുവർഷത്തേയ്ക്ക് ഇടവേളയെടുക്കാൻ നടി സാമന്ത റൂത് പ്രഭു ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുക. ഒരു വർഷം സിനിമയിൽ നിന്ന് മാറി നിൽക്കാൻ താരം തീരുമാനിച്ചുവെന്നാണ് വിവരങ്ങൾ. ആരോ​ഗ്യപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോ​ഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.

‘ഒരു വർഷത്തേയ്ക്ക് സാമന്ത അഭിനയിക്കുന്നില്ലെന്ന രീതിയിൽ പുറത്തുവന്ന വാർത്ത ശരിയാണ്. മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവർ യു.എസ്.എയിലേക്ക് പോകുകയാണ്. ആരോഗ്യത്തിൽ പുരോഗതിയുണ്ടായാൽ ആറ്​ മാസത്തിനകം അവർ തിരിച്ചെത്തും. എന്നിരുന്നാലും ഇപ്പോൾ ഒരു വർഷം എന്നാണ് തീരുമാനം. അവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലാം ആഴ്ച്ച അവർ യുഎസിലേക്ക് പോകും’- സാമന്തയുടെ മാനേജർ പറയുന്നു.

കഴിഞ്ഞ വർഷമാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്. കയ്യിൽ ട്രിപ്പിട്ട് കിടക്കുന്ന ചിത്രത്തോടെയാണ് സാമന്ത വിവരം പറഞ്ഞത്. താൻ പൂർണമായി രോഗത്തിൽ നിന്ന് പുറത്തുവരുമെന്ന ആത്മവിശ്വാസം ഡോക്ടർമാർക്കുണ്ടെന്നും താരം പറഞ്ഞിരുന്നു.

സിറ്റാഡെൽ, ഖുശി എന്നിവയാണ് സാമന്തയുടെ പുതിയ ചിത്രങ്ങൾ. സിറ്റാഡെലിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങൾക്കു മുൻപാണ് അവസാനിച്ചത്. രാജമുദ്രിയിൽ ഖുശിയുടെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ താരം. ‘മജ്‌ലി’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ ശിവ നിർവാണയ്‌ക്കൊപ്പമുള്ള സാമന്തയുടെ രണ്ടാമത്തെ ചിത്രമാണ് ഖുശി. വിജയ് ദേവരകൊണ്ടയാണ് നായകൻ. ചിത്രം സെപ്തംബറിൽ റിലീസിനെത്തും.

Tags:    
News Summary - Samantha Ruth Prabhu to take one-year break from films to treat Myositis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.